ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. രാജൗരിയിലെ നൗഷേര സെക്ടറിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ഉച്ചയ്‌ക്ക് രണ്ടേകാലിനാണ് പാക് സൈന്യം വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ്. എ.എൻ.ഐ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
കശ്‌മീരിലെ പൂഞ്ച് മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ രാവിലെ പാകിസ്ഥാൻ വെടിയുതിർത്തിരുന്നു. രാവിലെ ആറ് മണി മുതൽ ഏഴ് മണിവരെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനം തുടങ്ങിയത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ബുധനാഴ്ച രാവിലെയും വെടിവയ്പ്പ് നടത്തിയിരുന്നു. കൂടാതെ പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയിരുന്നു.