വാഷിംഗ്ടൺ: പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന് പാക് മുൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ അഭിപ്രായപ്പെട്ടു. സമാധാനവും മനുഷ്യത്വവും മാന്യതയും മുൻനിറുത്തി പൈലറ്റിനെ വിട്ടുകൊടുക്കണമെന്ന് താനുൾപ്പെടെയുള്ള യുവജനത പാകിസ്ഥാനോടു ആവശ്യപ്പെടുകയാണെന്ന് ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ അവർ വ്യക്തമാക്കി.
''യുദ്ധത്തിൽ ഞങ്ങൾ ജീവിതകാലം ചെലവഴിച്ചു. പാക് ജവാൻമാരോ ഇന്ത്യൻ ജവാൻമാരോ മരിക്കുന്നതു കണ്ടുനിൽക്കാൻ എനിക്കു താത്പര്യമില്ല. അനാഥരുടെ ഭൂമിയായി നമ്മുടെ രാജ്യങ്ങൾ മാറരുത്. സംസാരിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരാണു ഞാനുൾപ്പെടെയുള്ള പാകിസ്ഥാനികളുടെ തലമുറ." സമാധാനത്തിനുവേണ്ടി ശബ്ദമുയർത്താൻ ഭയവുമില്ലെന്നും അവർ വ്യക്തമാക്കി.
ഏറെക്കാലം സൈനിക ഏകാധിപത്യവും ഭീകരവാദവും അനുഭവിച്ചവരാണു തങ്ങൾ. അതുകൊണ്ട് യുദ്ധത്തോടു താത്പര്യമില്ല. സംഘർഷം ഉണ്ടാക്കുന്നതിൽ തന്നെപ്പോലെ പാകിസ്ഥാനിലെ ഭൂരിഭാഗം ജനങ്ങൾക്കും താത്പര്യവുമുണ്ടാകില്ല. പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനത്തിൽ പോകുന്നത് ഒരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ 'സേ നോ ടു വാർ" എന്ന ഹാഷ്‌ടാഗ് ട്വിറ്ററിൽ ഒന്നാമതായിരുന്നെന്നും അവർ പറഞ്ഞു.