ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബുദ്ഗാമിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ ഹെലികോപ്ടർ അപകടത്തിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികനും മരണമടഞ്ഞു. ഈ അപകടത്തിൽ ഏഴുപേരാണ് മരണമടഞ്ഞത്. സ്‌ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ് ആണ് മരണപ്പെട്ടത്. വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്ടർ സാങ്കേതിക തകരാറിനാൽ തകർന്ന് വീണ് ആറ് സൈനികരും ഒരു ഗ്രാമീണനുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് കേരളത്തിനെ മുക്കിയ പ്രളയം ആശങ്കയുയർത്തിയത്. മുങ്ങിതാഴ്ന്ന കേരളത്തിൽ നിന്നും നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയതിൽ വ്യോമസേനയുടെ പങ്ക് മറക്കാനാവുന്നതല്ല. പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവർത്തനത്തിന് സിദ്ധാർഥിന് പ്രത്യേക പ്രശംസയും ആദരവും ലഭിച്ചിരുന്നു.
2010ലാണ് സിദ്ധാർഥ് വ്യോമസേനയുടെ ഭാഗമാവുന്നത്. കഴിഞ്ഞ ജൂലായിലാണ് ശ്രീനഗറിലേക്ക് മാറിയത്.
ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലാണ് സേവനം അനുഷ്ഠിക്കുന്നത്.