ഇസ്ലാമാബാദ്: പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനെ നാളെ വിട്ടയയ്‌ക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻഖാൻ. പാക് പാർലമെന്റ് സംയുക്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. സമാധാന സന്ദേശമായാണ് തീരുമാനം.വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ പാർലമെന്റിനെ അറിയിച്ചു. ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആദ്യ നീക്കം എന്ന നിലയിലാണ് വൈമാനികനെ വിട്ടയയ്ക്കുന്നതെന്നാണ് സൂചന. പ്രശ്‌നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു.
എന്നാൽ, അദ്ദേഹത്തെ ലഭ്യമായില്ല. ഇതു ഭയന്നിട്ടല്ല. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. നേരത്തെ, പൈലറ്റിനെ വച്ചു വില പേശാമെന്ന് പാകിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. രാത്രി ഏഴിന് സേനകളുടെയും സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യ അന്തിമ നിലപാട് അറിയിക്കും.