ന്യൂഡൽഹി: പാകിസ്ഥാൻ ബന്ദിയാക്കിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് വിട്ടയയ‌്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. ഇന്നലെ പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.
സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാന സന്ദേശമെന്ന നിലയിലും ഇന്ത്യയുമായി ചർച്ച തുടങ്ങാനുള്ള ആദ്യ പടിയെന്ന നിലയിലുമാണ് അഭിനന്ദനെ വിട്ടയയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ ഫോണിൽ സംസാരിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
മോദിയുമായി ചർച്ചയ്‌ക്ക് ഇമ്രാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകമാണ് ഇമ്രാന്റെ പ്രഖ്യാപനം വന്നത്.
അഭിനന്ദനെ ഉടൻ വിട്ടയയ്‌ക്കണമെന്ന് ഇന്ത്യ നിലപാട് കടുപ്പിക്കുകയും ലോകരാഷ്‌ട്രങ്ങളുടെ സമ്മർദ്ദം ശക്തമാവുകയും ചെയ്‌ത സാഹചര്യത്തിലാണ് പാകിസ്ഥാൻ വഴങ്ങിയതെന്നാണ് കരുതുന്നത്.
സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തയ്യാറായാൽ മാത്രമേ പൈലറ്റിനെ വിടൂ എന്നായിരുന്നു പാകിസ്ഥാന്റെ ആദ്യ നിലപാട്. എന്നാൽ പൈലറ്റിനെ വിട്ടുകിട്ടാൻ യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നും അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി മോദി പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. പൈലറ്റിനെ വച്ചു വിലപേശൽ നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു.
പൈലറ്റിനെ തിരികെ കിട്ടുന്നതിനായി ചെയ്യാനാകുന്നതെല്ലാം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു ഇന്ത്യ. ഇന്നലെ വൈകിട്ട് മൂന്ന് സേനാമേധാവികളുടെയും യോഗം വിളിച്ചതും ഇക്കാര്യം ചർച്ച ചെയ്യാനായിരുന്നു. അതിന് മുൻപ് സേനാമേധാവികൾ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തി. വൈകിട്ട് അഞ്ച് മണിക്ക് സേനാമേധാവികളുടെ സംയുക്ത പത്രസമ്മേളനവും നിശ്ചയിച്ചു. ഇവരുടെ യോഗത്തിനിടെയാണ് അഭിനന്ദനെ മോചിപ്പിക്കാനുള്ള പാക് പ്രഖ്യാപനം വന്നത്. തുടർന്ന് യോഗം നീണ്ടു പോയി. സന്ധ്യയ്‌ക്ക് ഏഴ് മണിക്കാണ് സേനാമേധാവികളുടെ വാർത്താസമ്മേളനം നടന്നത്.
അഭിനന്ദനെ ഉടൻ മോചിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ഹാനോയിയിൽ സൂചന നൽകിയിരുന്നു. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും മാന്യതയുളവാക്കുന്ന ഒരു വാർത്ത ഉടൻ ഉണ്ടാകുമെന്നാണ് ട്രംപ് പറഞ്ഞത്.