-ajay-ahuja

ന്യൂഡൽഹി: തങ്ങളുടെ കസ്റ്റഡിയിലാകുന്ന ഇന്ത്യൻ സൈനികരെ ക്രൂര പീഡനങ്ങൾക്കൊടുവിൽ രാജ്യത്തേക്ക് വിട്ടയച്ച ചരിത്രവും ഇല്ലാതാക്കിയ ചരിത്രവുമുണ്ട് പാകിസ്ഥാന്. ഇരുപത് വർഷങ്ങൾക്കു മുമ്പ് 1999ൽ കാർഗിൽ യുദ്ധകാലത്ത് സ്‌ക്വാഡ്രൺ ലീഡർ അജയ് അഹുജയാണ് ഇതിനു മുമ്പ് ഏറ്റവുമൊടുവിൽ പാക് പൈശാചികതയുടെ ഇരയായത്. മിഗ് 21ന്റെ പൈലറ്റായിരുന്ന അഹുജയുടെ വിമാനം ആകാശത്തുവച്ച് മിസൈലുമായി കൂട്ടിയിടിച്ചു. അഹുജ മരിച്ചെന്നായിരുന്നു ഇന്ത്യ കരുതിയത്. ഇന്ത്യയുടെ കാണാതായ മിഗ് 27 വിമാനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. 26 വയസുകാരനായ ലഫ്റ്റനന്റ് നചികേതയായിരുന്നു അതിന്റെ പൈലറ്റ്. ഒടുവിൽ ബുള്ളറ്റുകൾ തുളച്ചുകയറി വികൃതമായ അജയ് അഹുജയുടെ മൃതദേഹം ഇന്ത്യയ്ക്ക് കൈമാറിയപ്പോഴാണ് ജീവനോടെ പിടിയിലായ അദ്ദേഹത്തെ പാക് പട്ടാളം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നറിഞ്ഞത്.

ശത്രുപാളയത്തെ ലക്ഷ്യത്തിലേക്ക് കുതിക്കവെ എൻജിന് തീപിടിച്ചതിനെത്തുടർന്ന് പാരച്യൂട്ട് പ്രവർത്തന സജ്ജമാക്കി കത്തുന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട മിഗ് 27ന്റെ പൈലറ്റായ നചികേത് പാക് പിടിയിലാവുകയും ചെയ്തിരുന്നു. പാകിസ്ഥാനിൽ രഹസ്യമായും പരസ്യമായും പീഡനത്തിനിരയായ നചികേതിനെ എട്ട് ദിവസങ്ങൾക്കുശേഷമാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. നവാസ് ഷെരീഫായിരുന്നു അന്ന് പാക് പ്രധാനമന്ത്രി.

മരണമാണ് സുഖകരം എന്ന് തോന്നിയ നിമിഷങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും കൊടിയ പീഡനമായിരുന്നെന്നും 2016ൽ എൻ.ഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ നചികേത് പറഞ്ഞിരുന്നു. മർദ്ദനത്തിൽ ശരീരത്തിനേറ്റ ക്ഷതത്തിൽ നിന്ന് 2003 ലാണ് അദ്ദേഹം പൂർണമായും മോചിതനായി വീണ്ടും ജോലിയിൽ പ്രവേശിച്ചത്. ഒരു വർഷം മുമ്പ് കാലാവധിക്കു മുമ്പ് സേനയിൽ നിന്ന് വിരമിച്ചു.