abhinandan

ധിനിവേശ കാശ്‌മീരിലെ പാക് ഭീകര താവളങ്ങളിൽ അഗ്നി വർഷിക്കാൻ ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യയുടെ പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങൾ പറന്നയുർന്ന ഗ്വാളിയർ വ്യോമസേനാ താവളത്തിൽ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആയിരുന്നു സിംഹക്കുട്ടി വർദ്ധമാൻ- കാർഗിൽ യുദ്ധകാലത്ത്.

ആ സിംഹത്തിന്റെ മകനാണ്, പാകിസ്ഥാൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ, ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിൻമുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല!

ആകാശത്തേക്കു ചിറകുവിരിക്കാൻ അഭിനന്ദൻ വർദ്ധമാന്റെ സ്വപ്‌നങ്ങൾക്കു പേശീബലം നൽകിയത് അച്ഛനായിരുന്നു. കിഴക്കൻ വ്യോമസേനാ കമാൻഡ് മേധാവിയായി വിരമിച്ച എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ മകനെ പഠിക്കാനയച്ചത് കോയമ്പത്തൂർ അമരാവതി നഗർ സൈനിക് സ്‌കൂളിൽ. താംബരത്തെ എയർഫോഴ്സ് ട്രെയിനിംഗ് ക്യാമ്പിലായിരിക്കെ, അഭിനന്ദന് അച്ഛൻ മുടങ്ങാതെ എഴുതിയിരുന്ന കത്തുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു- ഇൻലൻഡിനു പിന്നിൽ ഒരു യുദ്ധവിമാനത്തിന്റെ ചിത്രം!

അച്ഛനായിരുന്നു എക്കാലവും അഭിനന്ദന്റെ ധീരപുരുഷൻ. വ്യോമസേനയിൽ 4000 മണിക്കൂറുകൾ യുദ്ധവിമാനം പറത്തിയ അച്ഛനു മുന്നിൽ മകന്റെ സ്നേഹവും ആദരവും ഓരോ കാഴ്‌ചയിലും സല്യൂട്ടടിച്ചു നിന്നു. യുദ്ധവിമാനങ്ങളുടെ രഹസ്യങ്ങളെല്ലാം മനഃപാഠമായിരുന്ന സിഹക്കുട്ടി പറത്തിയിട്ടുള്ളത് വ്യോമസേനയിലെ നാല്പതിലേറെ തരം ഫൈറ്റർ വിമാനങ്ങൾ. ആ രണവീര്യം രക്തത്തിലലിഞ്ഞുകിട്ടിയിരുന്നു, അഭിനന്ദന്.

തമിഴ്‌നാട്ടിൽ, തിരുവണ്ണാമലയിലെ തിരുപനമൂരിലാണ് അഭിനന്ദന്റെ അച്ഛൻ സിംഹക്കുട്ടിയുടെ കുടുംബം. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജൈന തീർത്ഥങ്കരന്മാർ പണിത പ്രശസ്‌തമായ ജൈനക്ഷേത്രമുള്ളിടം. അവിടെനിന്ന് 72 കിലോമീറ്ററുണ്ട്, കാഞ്ചീപുരത്തേക്ക്. പട്ടിന്റെ നാട്ടിലേക്ക് കുഞ്ഞുനാളിൽ അച്ഛൻ സിംഹക്കുട്ടി വർദ്ധമാൻ അഭിനന്ദനെ കൂട്ടിക്കൊണ്ടു പോയെങ്കിലും, പട്ടു നെയ്‌ത്തുശാലകൾക്കു മുന്നിൽ പട്ടം പറത്തി കളിക്കുന്ന കുട്ടികളിലായിരുന്നു, മകന്റെ കണ്ണ്. വിരൽത്തുമ്പിലെ ചരടിന്റെ വിലക്കു പൊട്ടിച്ച് മേഘങ്ങളിലേക്കു പറക്കാൻ തുടിക്കുന്ന പട്ടമായിരുന്നു, അന്നേ ആ മനസ്.

താംബരത്തെ പരിശീലനം പൂർത്തിയാക്കി, 2004-ലാണ് അഭിനന്ദൻ വ്യോമസേനാ ഓഫീസർ ആയത്. പതിനഞ്ചു വർഷത്തെ സർവീസ് ആയപ്പോൾ വിംഗ് കമാൻ‌ഡർ ആയി ഉദ്യോഗക്കയറ്റം. എയർ മാർഷൽ ആയി വിരമിച്ച അച്ഛൻ സിംഹക്കുട്ടി വർദ്ധമാൻ ചെന്നൈയ്‌‌ക്കടുത്ത് സേലയൂരിലെ നേവി- എയർഫോഴ്‌സ് ഹൗസിംഗ് കോളനിയായ ജൽവായു വിഹാറിൽ താമസമായപ്പോൾ, അഭിനന്ദൻ ഭാര്യ തൻവി മർവാഹയ്‌ക്കും മകനുമൊപ്പം ജോധ്‌പൂരിലായിരുന്നു. ഇടയ്‌ക്ക് ചെന്നൈയിലെത്തി അച്ഛനെയും അമ്മയെയും കാണും.

വ്യോസേനയിൽത്തന്നെ ആയിരുന്നു തൻവിയും- സ്‌ക്വാഡ്രൺ ലഫ്റ്റനന്റ്. ഹെലികോപ്‌ടർ പൈലറ്റ് ആയിരുന്ന തൻവിയെ പരിചയപ്പെടുമ്പോൾ അഭിനന്ദൻ, ചിറകുള്ള സ്വപ്‌നങ്ങൾ മനസിൽ കൊണ്ടുനടന്ന തന്റെ നേർപാതിയെ കണ്ടെത്തുകയായിരുന്നു.

സിംഹക്കുട്ടിയുടെ ചുണക്കുട്ടി

അച്ഛന്റെ നാവിൽ നിന്ന് യുദ്ധകഥകളും, ധീരസൈനികരുടെ ചരിത്രവും കേട്ടിരുന്ന നാളുകളിലൊന്നിൽ അഭിനന്ദൻ ചോദിച്ചു: അച്ഛന്റെ പേരെന്താ ഇങ്ങനെ? വേറെയാർക്കും സിംഹക്കുട്ടി എന്ന് പേരു കേട്ടിട്ടില്ലല്ലോ? മകന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചെങ്കിലും, സിംഹക്കുട്ടി ആ രഹസ്യം മകന് പറഞ്ഞുകൊടുത്തു. വർദ്ധമാൻ എന്നത് വർദ്ധമാന മഹാവീരനാണ്- ജൈനമതം പുനരുദ്ധരിച്ച ഇരുപത്തിനാലാമത് തീർത്ഥങ്കരൻ. പിന്നെ സിംഹക്കുട്ടി.... അത് ജൈന സന്യാസിമാർ ശിഷ്യർക്ക് പറഞ്ഞുകൊടുത്തിരുന്ന ഒരു കഥയാണ്.

കാട്ടിൽ, ആട്ടിടയൻ വളർത്തിയ ഒരു സിംഹക്കുട്ടി ആട്ടിൻപാൽ കുടിച്ചും പച്ചിലകൾ തിന്നും വളർന്നു. താൻ ആടാണെന്നായിരുന്നു അവന്റെ വിചാരം. ഒരിക്കൽ കാട്ടിൽ വലിയൊരു സിംഹത്തെ കണ്ട് ആട്ടിൻപറ്റത്തിനൊപ്പം കുഞ്ഞുസിംഹവും ഓടി. മുതി‌ർന്ന സിംഹം അവനെ തടഞ്ഞുനിറുത്തി ചോദിച്ചു: സഹോദരാ, ആടുകൾ എന്നെക്കണ്ടു പേടിച്ചാണ് ഓടിയത്. സിംഹക്കുട്ടിയായ നീ എന്തിനാണ് ഓടിയത്? ആ സിംഹമാണ്, ആട്ടിൻകൂട്ടത്തിൽ വളർന്ന സിംഹക്കുട്ടിയെ യഥാർത്ഥത്തിൽ താൻ ആരാണെന്ന് മനസിലാക്കിക്കൊടുത്തത്! അങ്ങനെ, നിന്റെ മുത്തച്ഛൻ എനിക്ക് സിംഹക്കുട്ടി എന്നു പേരിട്ടു.