കൊച്ചി: എസ്.യു.വി ശ്രേണിയിൽ ഹ്യൂണ്ടായ് അവതരിപ്പിച്ച ക്രെറ്റയുടെ വില്‌പന അഞ്ചുലക്ഷം യൂണിറ്റുകൾ കവിഞ്ഞു. 2015 വിപണിയിലെത്തിയ ക്രെറ്റ, നാല് വർഷത്തിനുള്ളിലാണ് ഈ നേട്ടം കുറിച്ചത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ക്രെറ്റയുടെ 3.7 ലക്ഷം യൂണിറ്റുകളാണ് ആഭ്യന്തര നിരത്തിലെത്തിയത്. വിദേശ വിപണിയിൽ 1.4 ലക്ഷം യൂണിറ്റുകളും വിറ്റഴിഞ്ഞു.
രൂകല്‌പന, മികച്ച പ്രകടനം, സുരക്ഷ, ഉന്നത സാങ്കേതികവിദ്യ എന്നീ മികവുകളാണ് ക്രെറ്റയെ ജനപ്രിയമാക്കുന്നതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു. 1.4 ലിറ്റർ, 1.6 ലിറ്റർ ശ്രേണികളിലായി പെട്രോൾ, ഡീസൽ എൻജിൻ വേരിയന്റുകളുള്ള ക്രെറ്റയുടെ പുതിയ പതിപ്പ് കഴിഞ്ഞവർഷം വിപണിയിൽ എത്തിയിരുന്നു. 2016ലെ 'ഇന്ത്യൻ കാർ ഒഫ് ദി ഇയർ" ഉൾപ്പെടെ 27 അവാർഡുകൾ ക്രെറ്റ നേടിയിട്ടുണ്ട്.