abhninadan-

ഇസ്ലാമാബാദ്: പാകിസ്ഥാൻ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ അതിർത്തിയിലെ വ്യോമസേന ഉന്നതാധികാരികൾ നേരിട്ടുപോയി സ്വീകരിക്കും. അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇമ്രാൻഖാന്റെ പ്രഖ്യാപനം. വാഗാ അതിർത്തി വഴിയായിരിക്കും അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതെന്നാണ് സൂചന.

സമാധാനശ്രമത്തിന്റെ ഭാഗമായി സൗഹാർദ്ദ അന്തരീക്ഷത്തിനുവേണ്ടിയാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാൻഖാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.

ഇസ്ലാമബാദ് അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ സമവായത്തിന് പാക്കിസ്ഥാന്‍ തയാറെടുക്കുന്നതായുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിതല ചർച്ചക്ക് തയ്യാറെന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് സംഘർഷം ഒഴിയുമെങ്കില്‍ അഭിനന്ദനെ വിട്ടുനൽകാമെന്നായിരുന്നു ആദ്യ നിലപാട്. പുൽവാമ ഭീകരാക്രമണം സംബന്ധിച്ച തെളിവുകൾ പരിശോധിക്കുമെന്നും നിലപാടെടുത്തു.

അഭിനന്ദനെ ഉപയോഗിച്ച് വിലപേശല്‍ വേണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്നും, പാക് സൈന്യത്തെയോ സാധാരണക്കാരെയോ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ മറുപടി നല്‍കി.