ഹനോയ്: ഇന്ത്യ -പാക് പ്രശ്നങ്ങളിൽ ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സംഘർഷ ഭരിതമായ സാഹചര്യത്തിൽ സാമാന്യം ഭേദപ്പെട്ട വാർത്തയാണ് അറിയുന്നതെന്ന് ട്രംപ് പ്രതികരിച്ചു. വിയറ്റ്നാമിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി നടന്ന ഉച്ചകോടിക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് യു.എസും ചൈനയുമടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
''സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ അവരെ (ഇന്ത്യയെയും പാകിസ്ഥാനെയും) സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അവസാനമായെന്ന് പ്രതീക്ഷിക്കുന്നു." ട്രംപ് പറഞ്ഞു.
പാക് അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ പിന്തുണച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണിൽ വിളിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പിന്തുണ അറിയിച്ചിരുന്നു.