അഞ്ച് ത്രൈമാസത്തിനിടയിലെ ഏറ്റവും മോശം വളർച്ച
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച 6.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന വളർച്ചയാണിതെന്ന് സെൻട്രൽ സ്‌റ്റാറ്രിസ്‌റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ) കണക്കുകൾ വ്യക്തമാക്കി. ജി.ഡി.പിയുടെ നട്ടെല്ലായ കാർഷിക, മാനുഫാക്‌ചറിംഗ് മേഖലകളുടെ തളർച്ചയാണ് കഴിഞ്ഞപാദത്തിൽ തിരിച്ചടിയായത്. 2017-18ലെ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഇന്ത്യ ഏഴ് ശതമാനം വളർന്നിരുന്നു.
ജൂലായ് - സെപ്‌തംബർ പാദത്തിലെ 4.2 ശതമാനത്തിൽ നിന്ന് കാർഷിക വളർച്ച ഡിസംബർ പാദത്തിൽ 2.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. മാനുഫാക്‌ചറിംഗ് വളർച്ച 7.4 ശതമാനത്തിൽ നിന്ന് ഇടിഞ്ഞത് 6.7 ശതമാനത്തിലേക്കാണ്. നിർമ്മാണ മേഖല 9.6 ശതമാനം വളർന്നു. ഖനന മേഖലയുടെ വളർച്ച നെഗറ്രീവ് 2.1 ശതമാനത്തിൽ നിന്ന് 1.3 ശതമാനത്തിലേക്ക് മെച്ചപ്പെട്ടെങ്കിലും ജി.ഡി.പിയുടെ വീഴ്‌ച തടയാനായില്ല. ധനകാര്യ സേവന മേഖലയുടെ വളർച്ച 7.2 ശതമാനത്തിൽ നിന്ന് 7.3 ശതമാനത്തിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്.
അതേസമയം, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കഴിഞ്ഞപാദത്തിലും ഇന്ത്യ നിലനിറുത്തി. ഈ രംഗത്തെ ഇന്ത്യയുടെ പ്രധാന എതിരാളിയായ ചൈനയുടെ ജി.ഡി.പി വളർച്ച 6.4 ശതമാനമാണ്. കഴിഞ്ഞ 28 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയാണ് ഒക്‌ടോബർ-ഡിസംബറിൽ ചൈന കുറിച്ചത്.
കണക്കുകളിൽ
തിരുത്തൽ
നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യ 8.2 ശതമാനവും രണ്ടാംപാദത്തിൽ (ജൂലായ് - സെപ്‌തംബർ) 7.1 ശതമാനവും വളർന്നിരുന്നു. എന്നാൽ, ഈ കണക്കുകൾ കേന്ദ്രസർക്കാർ വളർച്ച കുറച്ചുകൊണ്ട് പുനർനിർണയിച്ചു. ഇതുപ്രകാരം, ഏപ്രിൽ-ജൂണിലെ വളർച്ച എട്ട് ശതമാനവും ജൂലായ്-സെപ്‌തംബർ വളർച്ച ഏഴ് ശതമാനവുമാണ്.
ജി.വി.എ വളർച്ച
6.3%
കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഉൾപ്പെടുത്തിയും സബ്‌സിഡി ബാദ്ധ്യത ഒഴിവാക്കിയുമുള്ള വളർച്ചാ നിരക്കായ ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) ഒക്‌ടോബർ-ഡിസംബറിൽ 6.3 ശതമാനമായി കുറഞ്ഞു. ഏപ്രിൽ-ജൂണിൽ എട്ട് ശതമാനവും ജൂലായ് -സെപ്‌തംബറിൽ 6.9 ശതമാനവുമായിരുന്നു ഇത്.
₹35 ലക്ഷം കോടി
ഒക്‌ടോബർ-ഡിസംബറിൽ ഇന്ത്യയുടെ ജി.ഡി.പി 35 ലക്ഷം കോടി രൂപയാണ്. വളർച്ച 6.6 ശതമാനം. 2017-18ലെ മൂന്നാംപാദത്തിൽ ഇത് 32.85 ലക്ഷം കോടി രൂപയായിരുന്നു.
വളർച്ച, കഴിഞ്ഞ
5 പാദങ്ങളിൽ
(2017-18)
ഒക്‌ടോ-ഡിസം: 7.0%
ജനുവരി-മാർച്ച്: 7.7%
(2018-19)
ഏപ്രിൽ-ജൂൺ: 8.0%
ജൂലായ്-സെപ്‌തം: 7.0%
ഒക്‌ടോ.ഡിസം: 6.6%
മുഖ്യവ്യവസായ
വളർച്ചയും മോശം
ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ചയിൽ (ഐ.ഐ.പി) മുന്തിയ പങ്കുവഹിക്കുന്ന മുഖ്യവ്യവസായ മേഖല ജനുവരിയിൽ 1.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഡിസംബറിൽ വളർച്ച 2.6 ശതമാനമായിരുന്നു. ഏപ്രിൽ-ജനുവരി കാലയളവിൽ വളർച്ച 4.1 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി മെച്ചപ്പെട്ടു.
7%
നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ ജി.ഡി.പി ഏഴ് ശതമാനം വളരുമെന്നാണ് സി.എസ്.ഒയുടെ പുതിയ വിലയിരുത്തൽ. നേരത്തേയിത് 7.2 ശതമാനമായിരുന്നു.
രൂപയ്ക്ക് നേട്ടം
ഇന്ത്യൻ റുപ്പി ഡോളറിനെതിരെ ഇന്നലെ 49 പൈസയുടെ നേട്ടത്തോടെ 70.74ൽ വ്യാപാരം പൂർത്തിയാക്കി. ഓഹരി വിപണിയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപമൊഴുകിയതും ആഗോളതലത്തിൽ ഡോളർ ദുർബലമായതും ക്രൂഡോയിൽ വില നേരിയതോതിൽ താഴ്‌ന്നതുമാണ് രൂപയ്ക്ക് നേട്ടമായത്.