ന്യൂഡൽഹി : ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷം നിലനിൽക്കവേ ബി.ജെ.പി പ്രവർത്തകരുമായി മെഗാ വീഡിയോ കോൺഫറൻസ് നടത്തിയ പ്രധാനമന്ത്രിയ്ക്കെതിരെ സമാജ് വാദജി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 1500 കേന്ദ്രങ്ങളിലായി ഒരുക്കിയ വീഡിയോ കോൺഫൻസ് സൗകര്യത്തിലൂടെ ഒരുകോടി ബി ജെ പി പ്രവർത്തകരുമായി മോദി സംസാരിച്ചിരുന്നു. മെഗാ വീഡിയോ കോൺഫറൻസിൽ ഒരു കോടി ബി.ജെ.പി വോളണ്ടിയർമാരെയും പ്രവർത്തകരെയുമായിരുന്നു മോദി അഭിസംബോധന ചെയ്തത്. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോൺഫറൻസ് എന്ന വിശേഷണത്തോടെ 15,000 കേന്ദ്രങ്ങളിലായിരുന്നു ബി.ജെ.പി വിഡിയോ കോൺഫറൻസ് സൗകര്യം ഒരുക്കിയിരുന്നത്.
രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ കേന്ദ്രസർക്കാരിനൊപ്പം നിന്നിട്ടും ഒരുകോടി ബിജെപി പ്രവർത്തകരുമായി സംസാരിച്ച് റെക്കോർഡ് ഇടാനാണ് മോദി ശ്രമിക്കുന്നത്. ബി.ജെ.പിയെ അനുകൂലിക്കുന്നവർക്ക് വരെ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയിൽ നാണക്കേടുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ ആറ് എയർഫോഴ്സ് ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമായി. ഒരു പൈലറ്റ് ഇപ്പോഴും രാജ്യത്ത് തിരിച്ചെത്തിയിട്ടില്ല. ശ്വാസമടക്കി പിടിച്ച് എല്ലാവരും കാത്തിരിക്കുകയാണ്. എന്നാൽ നമ്മുടെ നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.