samjhauta-express-suspend

ലാഹോർ: അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അത്താരിയിലേക്കുള്ള സം‍ഝോത എക്സ്‌പ്രസ് പാകിസ്ഥാൻ നിറുത്തലാക്കി. ഇതോടെ അത്താരിയിലേക്ക് പുറപ്പെട്ട യാത്രക്കാർ ലാഹോർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി. രണ്ടാഴ്ചയിൽ ഒരിക്കലാണ് സംഝോത സർവീസ് നടത്തുന്നത്.

ഡൽഹിയിൽ നിന്ന് ബുധനാഴ്ച രാത്രിയിലാണ് സംഝോത എക്സ്‌പ്രസ് യാത്ര തിരിച്ചത്. ഇന്നലെ അത്താരിയിലെ കസ്റ്റംസ് പോയിന്റിലായിരുന്നു ട്രെയിൻ. സർവീസ് പുനരാരംഭിച്ചാൽ മാത്രമേ യാത്രക്കാർക്ക് പാകിസ്ഥാനിൽ എത്താൻ സാധിക്കൂ. അതേസമയം, സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും യാത്രക്കാരെ ബസിലും മറ്റു യാത്രാമാർഗങ്ങളിലൂടെയും വാഗാ അതിർത്തിയിൽ തിരിച്ചെത്തിക്കാമെന്നും ഇന്ത്യൻ അധികൃതർ അറിയിച്ചു.

ഇന്ത്യൻ സംഝോത എക്‌സ്‌പ്രസിന്റെ അവസാന സ്റ്റോപ്പാണ് അത്താരി. ഇവിടെനിന്ന് പാക് സംഝോതയിലാണ് യാത്ര തുടരേണ്ടത്. ആറു സ്ലീപ്പർ കോച്ചുകളും ഒരു ത്രീ ടയർ എസി കോച്ചുമാണ് സംഝോതയിലുള്ളത്. 1976 ജൂലായ് 22ന് ഷിംല ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ചതാണിത്.