ഹാനോയ്: ആണവ നിരായുധീകരണം ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ധാരണയാകാതെ പിരിഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇരു നേതാക്കളും തമ്മിൽ വളരെ നല്ല കൂടിക്കാഴ്ചയാണുണ്ടായത്. ആണവ നിരായുധീകരണം സംബന്ധിച്ചും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടും നല്ല ചർച്ചകൾ നടന്നു. എന്നാൽ ആണവ നിരായുധീകരണം സംബന്ധിച്ച് ഇതുവരെ ധാരണായിട്ടില്ല. ഭാവിയിൽ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ നിയോഗിക്കപ്പെട്ട പ്രതിനിധികൾ നടത്തുമെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഉത്തരകൊറിയക്കെതിരായ അമേരിക്കയുടെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്ന കിമ്മിന്റെ ആവശ്യം അംഗീകരിച്ചില്ല.
കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവ വിമുക്തമാക്കുന്നതിനുള്ള ചർച്ചയ്ക്കായാണ് ഇരു നേതാക്കന്മാരും രണ്ടാമതും നിർണായക കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾക്കൊടുവിൽ ഇരുവരും സംയുക്ത ഉടമ്പടിയിൽ ഒപ്പുവയ്ക്കുമെന്നും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുമെന്നും അറിയിച്ചിരുന്നെങ്കിലും തീരുമാനമാകാത്തതിനു പിന്നാലെ ഇരുവരും താമസസ്ഥലത്തേക്കു മടങ്ങി.
കഴിഞ്ഞ വർഷം ജൂണിൽ സിംഗപ്പൂരിൽ നടന്ന ഒന്നാം ഉച്ചകോടിയിൽ ആണവനിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളാണു നടന്നതെങ്കിലും ഇതുവരെ നടപ്പാക്കാത്തതിനെ തുടർന്നാണ് വീണ്ടും കൂടിക്കാഴ്ച നടത്തിയത്. തുടർ നടപടികളിൽ ഉത്തര കൊറിയ താത്പര്യം കാണിക്കുന്നില്ലെന്ന് യു.എസിനു പരാതിയുമുണ്ട്. കൊറിയൻ ഉപദ്വീപിനെ ആണവ വിമുക്തമാക്കുന്നതിൽ വ്യക്തമായ ധാരണകളിലെത്തുകയാണു രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യം.