mazood

ന്യൂയോർക്ക്: പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കിക്കൊണ്ട്,​ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വൻശക്തികളായ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഇന്നലെ യു. എൻ രക്ഷാസമിതിയിൽ പുതിയ പ്രമേയം അവതരിപ്പിച്ചു. മുൻപ് രക്ഷാസമിതിയിൽ സമാന പ്രമേയം വന്നപ്പോഴെല്ലാം പാകിസ്ഥാന്റെ പക്ഷത്ത് നിന്നുകൊണ്ട് ചൈന അതിനെ വീറ്റോ ചെയ്‌തിരുന്നു

അതേസമയം,​ ഇന്ത്യയ്‌ക്ക് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയും പാകിസ്ഥാനുംസംഘർഷം ലഘൂകരിക്കാൻ നടപടികൾ എടുക്കണമെന്ന് ജപ്പാൻ,​ കാനഡ,​ ആസ്‌ട്രേലിയ എന്നീരാജ്യങ്ങൾ ഇന്നലെ അഭ്യ‌ർത്ഥിച്ചു.

രണ്ട് പാക് ജറ്റുകളെ തുരത്തി

കാശ്മീർ അതിർത്തിയിൽ സംഘർഷം തുടരവേ, ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനുള്ള പാകിസ്ഥാൻ ശ്രമം ഇന്നലെയും ആവർത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ജമ്മു കാശ്‌മീരിലെ കൃഷ്ണ ഗാട്ടി പ്രദേശത്ത് വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച രണ്ട് പാക് ജെറ്റുകളെ ഇന്ത്യൻ വ്യോമസേന തുരത്തി. ഇതേ പ്രദേശത്ത് തന്നെ ചെറു പീരങ്കികൾ ഉപയോഗിച്ച് പാക് സൈന്യം വെടി വച്ച് മണിക്കൂറുകൾക്കുള്ളിലാണ് വ്യോമാതി‌ത്തി ലംഘനം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൃഷ്ണ ഗാട്ടിയിലെ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത്. ചെറുപീരങ്കികൾ ഉപയോഗിച്ച് പാക് സൈന്യം തുടർച്ചയായി വെടിവച്ചെങ്കിലും ഇന്ത്യൻ പക്ഷത്ത് ആർക്കും അപായമില്ല. പാക്‌സൈന്യം വെടിവച്ചതോടെ ഇന്ത്യൻ സേന തിരിച്ചടിച്ചു. കാശ്‌മീരിലെ പൂഞ്ച് ജില്ലയിലും നിയന്ത്രണ രേഖയുടെ പലഭാഗത്തും വ്യാഴാഴ്ച പാകിസ്ഥാൻ വെടിവച്ചിരുന്നു.

തുടർച്ചയായ ഏഴാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്‌.

നിർമ്മല സീതാരാമൻ

ഇന്ന് കാശ്‌മീരിൽ

പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ജമ്മു കശ്മീരിലെത്തും. ഇന്ത്യ– പാക് അതിർത്തി മേഖലകൾ സന്ദർശിക്കുന്ന മന്ത്രി സുരക്ഷാ കാര്യങ്ങൾ വിലയിരുത്തും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിഗും ഒപ്പമുണ്ടാവും.