ന്യൂഡൽഹി:ഭീകര ക്യാമ്പിലെ ഇന്ത്യൻ പ്രഹരത്തിന് തിരിച്ചടിക്കാൻ പാകിസ്ഥാൻ 24 വിമാനങ്ങളുടെ വമ്പൻ വ്യൂഹത്തെയാണ് നിയോഗിച്ചത്. അതിനെ തുരത്താൻ ഇന്ത്യ നിയോഗിച്ചതാകട്ടെ എട്ട് വിമാനങ്ങളെ മാത്രം. അതിൽ ഒന്നായിരുന്നു വിംഗ് കമാൻഡർ അഭിനന്ദ് പൈലറ്റായിരുന്ന മിഗ് 21 ബൈസൺ പോർവിമാനം.
പാകിസ്ഥാന്റെ ഒരു എഫ് - 16 വിമാനത്തിന്റെ പിന്നാലെയായിരുന്നു അഭിനന്ദ്. ഒരു ആർ - 73 എയർ - ടു - എയർ മിസൈൽ അഭിനന്ദ് തൊടുത്തു. എഫ് - 16 പോർവിമാനത്തിന്റെ ഇരട്ട സീറ്റുള്ള ആധുനിക പതിപ്പായിരുന്നു അത്. മിസൈൽ ഏറ്റ പാക് വിമാനം താഴേക്ക് പതിക്കുമ്പോൾ രണ്ട് പൈലറ്റ് മാരും ഇജക്‌ട് ചെയ്തു. നിയന്ത്രണ രേഖയുടെ പാക് വശത്താണ് ഇരുവരും പതിച്ചത്.
പാക് വ്യൂഹം
8 - എഫ് - 16,
4 - മിറാഷ് - 3,
4 - ചൈനീസ് ജെ. എഫ് - 17 തണ്ടർ
8 - എസ്കോർട്ട് വിമാനങ്ങൾ
ബുധനാഴ്‌ച രാവിലെ 9.45നാണ് പാക് വിമാന വ്യൂഹം ഇന്ത്യ ശ്രദ്ധിച്ചത്. അവ നിയന്ത്രണ രേഖയുടെ 10 കിലോമീറ്റർ അടുത്ത് എത്തിയിരുന്നു. ഇതിൽ ഒരു സംഘം വിമാനങ്ങൾ നിയന്ത്രണ രേഖ മുറിച്ചു കടക്കാനായി കുതിച്ചു. എട്ട് ഇന്ത്യൻവിമാനങ്ങൾ പാക് വിമാനങ്ങളെ ചെറുത്തു.
ഇന്ത്യൻ വ്യൂഹം
4 - സുഖോയ് 30
2 - മിറാഷ് 2000
2 - മിഗ് 21 ബൈസൺ
പാക് വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രത്തിൽ ലേസർ ബോംബുകൾ ഇട്ടെങ്കിലും ലക്ഷ്യത്തിൽ പതിച്ചില്ല. ബോംബിട്ട് തിരിച്ചു പോയ ഒരു പാക് എഫ് -16 വിമാനത്തെ അഭിനന്ദിന്റെ മിഗ് -21 ബൈസൺ വിമാനത്തിന്റെ റഡാർ ലോക്ക് ചെയ്‌തിരുന്നു. ശത്രു ലക്ഷ്യം റാഡാറിൽ ലോക്ക് ചെയ്‌താൽ ആയുധം പ്രയാഗിക്കുന്നതു വരെ വിമാനം പിന്നാലെ പൊയ്‌ക്കൊണ്ടിരിക്കും. ഇന്ത്യൻ ഫോർമേഷനിലെ മറ്റ് വിമാനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും പിന്മാറാതെ അഭിനന്ദ് പാക് വിമാനത്തിന് നേർക്ക് ആർ - 73 എയർ - ടു - എയർ മിസൈൽ തൊടുത്തു. ശരിക്കും ആകാശത്ത് ഏറ്റുമുട്ടൽ. പാക് വിമാനത്തിൽ ലോക്ക് ചെയ്ത് ഇന്ത്യൻ ഫോർമേഷന് പുറത്തായ അഭിനന്ദ് അപകടകരമാം വിധം പാക് വിമാനങ്ങളുടെ ആക്രമണ പരിധിയിലായി.പാക് എഫ് -16 വിമാനങ്ങൾ രണ്ട് മിസൈലുകൾ പ്രയോഗിച്ചു. അതിൽ അംറാം (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ) അഭിനന്ദിന്റെ വിമാനത്തിൽ പതിച്ചു. രണ്ടാമത്തേത് ലക്ഷ്യം തെറ്റി. രക്ഷപ്പെടാനായി അഭിനന്ദ് ഇജക്‌ട് ചെയ്തു. നിയന്ത്രണ രേകയുടെ പാകിസ്ഥാൻ ഭാഗത്താണ് അഭിനന്ദ് ലാൻഡ് ചെയ്‌തത്. അവിടെ വച്ച് പാക് സേന അഭിനന്ദിനെ ബന്ദിയാക്കി