ന്യൂഡൽഹി: പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യൻ സെെനിക താവളങ്ങൾ ആക്രമിക്കാനായിരുന്നുവെന്ന് ഇന്ത്യൻ സെെനിക മേധാവികൾ സംയുക്ത വർത്താ സമ്മേളനത്തിൽ അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ ഇന്ത്യൻ സെെനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചെതെന്നും സെെനിക വക്താക്കൾ വ്യക്തമാക്കി.
പാകിസ്ഥാൻ വസ്തുതകളെ ആദ്യം വളച്ചൊടിക്കാൻ ശ്രമിച്ചു. രണ്ടു പെെലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന പാക് അവകാശവാദം വ്യാജമാണ്. ഒരാൾ മാത്രമാണ് അവരുടെ കെെയ്യിൽ അകപ്പെട്ടത്. പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സെെന്യത്തെ ലക്ഷ്യം വച്ചാണ് അതിർത്തി കടന്ന് വരാൻ ശ്രമിച്ചത്. വിംഗ് കമാൻഡർ അഭിനന്ദൻ നാളെ തിരിച്ചുവരുമെന്നും വ്യോമസേനാ എയർ വൈസ് മാർഷൽ ആർ.ജി.കെ കപൂർ അറിയിച്ചു.
പ്രകോപനമില്ലാതെയാണ് ഫെബ്രുവരി 26ന് പാകിസ്ഥാൻ അതിർത്തി ലംഘിച്ചത്. തുടർന്ന് സെെന്യം തിരിച്ചടിച്ചു. ഇന്ത്യയുടെ ബ്രിഗേഡിയർ ആസ്ഥാനവും ബറ്റാലിയൻ ആസ്ഥാനവുമാണ് പാക് വ്യോമസേന ലക്ഷ്യം വച്ചത്. ഇന്ത്യയുടെ പ്രതിരോധത്തിന്റെ ശക്തിയും സമയോചിതമായ ഇടപെടലും തുണയായി. ഏത് പ്രകോപനവും നേരിടാൻ സെെന്യം പൂർണമായും സജ്ജമാണെന്ന് സെെനിക വക്താവ് മേജർ ജനറൽ സുരേന്ദ്ര സിങ് മഹാൽ അറിയിച്ചു.
കരയിലൂടെയോ കടലിലൂടെയോ ആകാശമാർഗമോ ഉള്ള ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ നാവിക സേന സജ്ജമാണ്. രാജ്യത്തിന്റെയും പൗരമാരുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് നാവികസേന വക്താവ് പറഞ്ഞു.
പാകിസ്ഥാൻ ഭീകരവാദം വളർത്തുന്ന കാലത്തോളം ഭീകരവാദികൾ തങ്ങുന്ന ഇടങ്ങൾ തകർക്കാൻ ഇന്ത്യ പൂർണമായും തയ്യാറാണ്. വീണ്ടും .പ്രകോപിച്ചാൽ ശക്തമായ നടപടിയെടുക്കും. ഭീകരവാദികളുടെ കേന്ദ്രം നശിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ട്. ആ ദൗത്യം സമ്പൂർണ വിജയമായിരുന്നെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ സെെനിക വക്താക്കൾ വ്യക്തമാക്കി.