ശ്രീനഗർ: രാജ്യത്ത് യുദ്ധസമാന സാഹചര്യം നിലനിൽക്കുമ്പോൾ ചങ്കിടിപ്പോടെ കഴിയുകയാണ് ഇന്ത്യയുടെ അതിർത്തിഗ്രാമങ്ങൾ. ആക്രമണ ഭീതിയിൽ കടകൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. സ്കൂളുകളെല്ലാം നേരത്തേ അടച്ചു, ജനങ്ങളാരും അധികം പുറത്തിറങ്ങാറില്ല. വീടൊഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് പോകാനാണ് അവർക്കുള്ള നിർദ്ദേശം. കൈയിൽ കിട്ടുന്നത് മാത്രമെടുത്ത് ചെയ്യുകയാണ് അതിർത്തിയിലെ ഗ്രാമീണർ.
അതിർത്തിക്കടുത്തുള്ള പൂഞ്ച്, ലാംബേരി, നൗഷേര, രജൗരി എന്നിവിടങ്ങളിലെല്ലാം സാഹചര്യം സമാനമാണ്.
നിയന്ത്രണരേഖയിൽ നിന്ന് രണ്ടര കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന മേഖലയിലെ സ്കൂളുകളെല്ലാം ചൊവ്വാഴ്ച മുതൽ അടച്ചിട്ടു. കടകളും അടഞ്ഞു കിടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങൾക്കുള്ള വിലക്ക് കഴിഞ്ഞ ദിവസം നീക്കിയിട്ടുണ്ട്. പാകിസ്ഥാനോടുള്ള യുദ്ധ പ്രഖ്യാപനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ ആഹ്വാനമുയരുമ്പോൾ വെടിയൊച്ചകളിൽ നടുങ്ങി പ്രിയപ്പെട്ടവരെയും ചേർത്ത് ഉറക്കമിളച്ച് കഴിയുകയാണിവർ.
സ്ഥിതിഗതികൾ വഷളായാൽ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ ഇവർക്ക് നൽകിയിട്ടുണ്ട്. വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കുക, മരുന്ന്, കുട്ടികൾക്കുള്ള ഭക്ഷണം തുടങ്ങി അത്യാവശ്യ സാധനങ്ങൾ, പണം എന്നിവ കരുതുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
വീടുകളോടുചേർന്ന് പത്തടി ആഴത്തിൽ ഒരു ബങ്കർ നിർമിക്കാനും അതിൽ പത്തു ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും കുടിവെള്ളവും കരുതാനും ഇവരോട് നിർദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങളറിയാൻ റേഡിയോ കരുതണമെന്ന് സമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്.