റിയാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി സൗദി അധികൃതർ അറിയിച്ചു. പാക്കിസ്ഥാന്റെ ആഭ്യന്തര അന്താരാഷ്ട്ര വ്യോമപാതകൾ അടച്ചതിനെ തുടർന്നാണ് സൗദി വിമാന സർവീസുകളും റദ്ദാക്കിയത്.
ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകൾ തകർത്തതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതേ തുടർന്നാണ് വ്യോമഗതാഗതം പാകിസ്ഥാൻ അടയ്ക്കാൻ തീരുമാനിച്ചത്. സൗദിക്ക് പുറമെ മദ്ധ്യപൗരസ്ത്യ മേഖലയിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ ഇന്ത്യ പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറാണെന്ന് സൗദി അറിയിച്ചു. അക്കാര്യം ഉടനെ ചർച്ച ചെയ്യാൻ സൗദി വിദേശകാര്യ മന്ത്രി ഉടൻ പാകിസ്താനിലേക്ക് പോകും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് യാത്ര. നാളെ അബുദാബിയിൽ വച്ച് സുഷമ സ്വരാജുമായും സൗദി വിദേശകാര്യമന്ത്രി ചർച്ച നടത്തും.