കോഴിക്കോട്: ആചാരലംഘകർക്കെതിരെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് സനാതന ധർമ്മ പരിഷത്തിന്റെ വിശ്വാസം സംഗമം. ശബരിമല ആചാര ലംഘനത്തിനെതിരെ കോഴിക്കോട് കടപ്പുറത്താണ് സനാതന ധർമ്മ പരിഷത്ത് മലബാർ മേഖലയിലെ വിശ്വാസികളുടെ സംഗമം സംഘടിപ്പിച്ചത്.
ലോക്‌സഭാ തിരഞെടുപ്പിൽ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം പ്രധാന ചർച്ചയാകുന്ന സാഹചര്യത്തിലാണ് വിശ്വാസി സംഗമത്തിന്റെ ആഹ്വാനം. ആർ.എസ്.എസ് - ബി.ജെ.പി പിന്തുണയോടെയാണ് 'ഹൈന്ദവം' എന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ഹിന്ദുവിന്റെ ക്ഷേമത്തിനായി നരേന്ദ്ര മോദി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് സമ്മേളനത്തിൽ പ്രസംഗിച്ചവർ ആഹ്വാനം ചെയ്തു.
ഹിന്ദുവിനെ തകർക്കാൻ ശ്രമിക്കുന്നവരോട് വോട്ടിലൂടെ മറുപടി കൊടുക്കണമെന്ന് പരിപാടിയിൽ സംസാരിച്ച സന്യാസിമാർ ആഹ്വാനം ചെയ്തു. മുൻ ഡി.ജി.പി ടി.പി സെൻകുമാർ, പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, അലി അക്ബർ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല, വത്സൻ തില്ലങ്കരി തുടങ്ങിയവർ പങ്കെടുത്തു.