ന്യൂഡൽഹി : ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിർത്തി കടന്നെത്തിയ പാകിസ്താന്റെ എഫ് 16 വിമാനത്തെ വീഴ്ത്തിയത് ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 വിമാനം. ബുധനാഴ്ച രാവിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് അഭിനന്ദൻ പാകിസ്താനിൽ പിടിയിലായത്. ഡൽഹിയിൽ മൂന്നുസേനകളും നടത്തിയ വാർത്താസമ്മേളനത്തിൽ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
'ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ എഫ്16 വിമാനങ്ങളെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനമാണ്. എഫ് 16 വിമാനം പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം തകർന്നു വീണു. ഇന്ത്യക്ക് മിഗ് 21 വിമാനവും നഷ്ടമായി. മിഗ് 21 വിമാനത്തിൽ നിന്ന് പാരചൂട്ടിൽ രക്ഷപ്പെട്ട വൈമാനികൻ ഇറങ്ങിയത് പാക് അധീന കശ്മീരിലാണ്. ഇവിടെ വെച്ച് ഇദ്ദേഹത്തെ പാക് സൈന്യം പിടികൂടി'- വൈസ് മാർഷൽവ്യക്തമാക്കി.
ഫെബ്രുവരി 27ന് ഇന്ത്യൻ റഡാറുകൾ പാകിസ്താൻ വിമാനങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഈ വിമാനങ്ങൾ പടിഞ്ഞാറൻ രജൗരിയിലെ സുന്ദർബനി പ്രദേശത്ത് കൂടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. പല മേഖലകളിലൂടെ കൂടെ ഇവ ഇന്ത്യയിലേക്ക് പ്രവേശിച്ചു. തുടർന്ന് മിഗ് 21 ഉൾപ്പടെയുള്ള ഇന്ത്യൻ യുദ്ധ വിമാനങ്ങളെ ഇവയെ തുരത്താനായി നിയോഗിച്ചത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനുള്ള പാക് വിമാനങ്ങളുടെ ശ്രമത്തെ തടഞ്ഞ് ഇന്ത്യൻ വിമാനങ്ങൾ ഇവയെ തുരത്തുകയായിരുന്നു.
പാക് വിമാനങ്ങൾ വർഷിച്ച ബോംബുകൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് സമീപം പതിച്ചെങ്കിലും അവയ്ക്ക് അപകടങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നും ആർ.ജി.കെ കപൂർ അറിയിച്ചു.