ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത സംഘർഷാവസ്ഥയെ തുടർന്ന് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന സംഝോധ എക്സ്പ്രസ് നിർത്തിവച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സർവീസ് നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും സർവീസ് നിർത്തിവച്ചത്. ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെയിൻ സർവീസ് നിർത്തിവയ്ക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം.
സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് ഇന്ത്യയും സർവീസ് നിർത്തിവച്ചത്. ലാഹോറിൽ നിന്ന് 16 യാത്രക്കാരുമായി പുറപ്പെടുന്നതിന് മുമ്പാണ് സർവീസ് നിർത്തിവച്ചത്. 1976 ജൂലൈ 22 ന് ആരംഭിച്ച സംഝോധ എക്സ്പ്രസ് സർവീസ് 1971 ലെ യുദ്ധത്തിന് ശേഷം നിർത്തിവച്ചിരുന്നു. പിന്നീട് കാർഗിൽ യുദ്ധത്തിന് ശേഷമാണ് ട്രയിൻ സർവീസ് പുനരാരംഭിച്ചത്.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് തിരിച്ചടിയായി പാക് അതിർത്തി കടന്ന് ഭീകരരുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.