മലപ്പുറം: നിരോധിത കീടനാശിനികളുടെ വരവും നിയന്ത്രിത കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗവും വർദ്ധിച്ചിട്ടും ജില്ലയിൽ കൃഷി വകുപ്പ് ഉണർന്നു പ്രവർത്തിക്കുന്നില്ല. തിരുവല്ല വേങ്ങൽപാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേർ മരിച്ച സാഹചര്യത്തിൽ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. തിരുവല്ലയിൽ അപകടമുണ്ടാക്കിയ വീരാട് എന്ന കീടനാശിനി ജില്ലയിൽ നാല് ഡിപ്പോകളിൽ വിൽക്കുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജില്ലയുടെ സാഹചര്യത്തിന് യോജിച്ച കീടനാശിനിയല്ലെന്നും ശിപാർശ ചെയ്യാറില്ലെന്നും അധികൃതർ തന്നെ പറയുമ്പോഴും ഇതിന്റെ വിൽപ്പന നടക്കുന്നുണ്ട്. പ്രധാനമായും പരുത്തി കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്.
പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും മലയോരങ്ങളിലും സംസ്ഥാന അതിർത്തിപ്രദേശങ്ങളിലും നിരോധിത കീടനാശിനികളുടെ വരവും നിയന്ത്രിത കീടനാശിനികളുടെ അമിത ഉപയോഗവും വ്യാപകമാണ്. റബ്ബർ തോട്ടങ്ങളിൽ ഇടവിളയായി ഒതുങ്ങിയിരുന്ന പൈനാപ്പിൾ കൃഷി വാണിജ്യാടിസ്ഥാനത്തിൽ വ്യാപിച്ചതോടെ നിയന്ത്രിത അളവിലുപയോഗിക്കേണ്ട റൗണ്ടപ്പ് പോലുള്ള മാരക കളനാശിനികളുടെ ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. കൃഷി ഓഫീസറുടെ കുറിപ്പോടും നിർദ്ദേശത്തോടും കൂടി മാത്രമേ ഇത്തരം കീടനാശിനികൾ വിൽക്കാനും ഉപയോഗിക്കാനും പാടൊള്ളൂവെങ്കിൽ ഇതൊന്നു പാലിക്കപ്പെടുന്നില്ല. റൗണ്ടപ്പിന്റെ അമിത ഉപയോഗം സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ കൃഷി വകുപ്പിന് ലഭിച്ചിട്ടുള്ളത്. കാളികാവ്, കരുവാരക്കുണ്ട് മേഖലകളിൽ കീടനാശിനി പൊതുജലസ്രോതസ്സുകളിൽ കലരുന്നത് സംബന്ധിച്ചും പരാതികളുണ്ട്. എന്നാൽ ഇവിടങ്ങളിലൊന്നും ഇപ്പോഴും കൃത്യമായ പരിശോധനകൾ നടക്കുന്നില്ല.
പേരിനൊരു എൻഫോഴ്സ്മെന്റ് വിംഗ്
നിരോധിത കീടനാശിനികൾ തടയാനും കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നിർദ്ദേശിച്ച സ്പെഷൽ എൻഫോഴ്സ്മെന്റ വിംഗിന്റെ രൂപീകരണം അനിശ്ചിതമായി നീളുകയാണ്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കീഴിൽ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് വിംഗ് രൂപീകരിക്കാൻ കൃഷിവകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് തടസ്സം. തൃശൂർ കേന്ദ്രമാക്കി നാല് ജില്ലകൾക്ക് വേണ്ടി ഒരു അസിസ്റ്റന്റ് ഡയറക്ടറും(ക്വാളിറ്റി കൺട്രോൾ) ഒരുഡെപ്യൂട്ടി ഡയറക്ടറും അടങ്ങിയ എൻഫോഴ്സ്മെന്റ് വിംഗാണ് നിലവിലുള്ളത്. ഓരോ ജില്ലകൾക്കും പ്രത്യേകം വിംഗ് വന്നാലേ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കാനാവൂ. പരിശോധന കൃഷി ഓഫീസർമാരുടെ ചുമതലയാണെങ്കിലും ബി.എസ്.സി അഗ്രികൾച്ചറുള്ള കൃഷി ഓഫീസർമാർക്കേ പരിശോധിക്കാൻ അനുവാദമുള്ളൂ. പ്രധാന കൃഷിയിടങ്ങൾ, എസ്‌റ്റോറ്റുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകൾ നടത്താനും അംഗീകാരമില്ലാത്ത കീടനാശിനി വിൽപ്പന കേന്ദ്രങ്ങൾക്കെതിരെ നടപടിയും വിംഗിന്റെ ലക്ഷ്യങ്ങളാണ്.
കീടനാശിനികളുടെ ഉപയോഗത്തിലും വിൽപ്പനയിലും സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് കർഷകർ. നിരോധിത കീടനാശിനികളുടെ വിതരണത്തിനായി പ്രത്യേക സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഉഗ്രശേഷിയുളള കീടനാശിനികളുടെ ഉപയോഗം മാരകരോഗങ്ങൾക്കിടയിക്കുമെന്ന കൃഷി വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെടുകയാണ്.
' കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ രാസവസ്തുക്കൾ വാങ്ങി ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് ബോധവത്ക്കരണം ശക്തമാക്കും.
രാധാകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ.