മലപ്പുറം: പുതുതലമുറയിൽ കൃഷി സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ഗവ. കോളേജ് എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷിയിൽ പ്രായോഗിക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പുസ്തകത്താളുകളിൽ നിന്ന് നേടിയ അറിവുകൾക്കപ്പുറത്ത് കൃഷിയുടെ പ്രായോഗിക പാഠങ്ങൾ അനുഭവത്തിലൂടെ നേടാനായത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. കോളേജിലെ ഓഡിയോ വിഷ്വൽ ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് ജില്ലാ പഞ്ചായത്ത് മെമ്പറും സംരംഭകത്വ കൃഷിയിൽ സംസ്ഥാന അവാർഡ് ജേതാവുമായ സെറീന മുഹമ്മദലി നേതൃത്വം നൽകി .
കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. അലവി ബിൻ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപാടൻ ഉദ്ഘാനം ചെയ്തു. ആദ്യഘട്ടത്തിൽ എൻ.എസ്.എസ് യൂനിറ്റിനു കീഴിൽ കോളേജ് കാമ്പസിലും മധ്യ വേനലവധിക്കാലത്ത് നൂറോളം വളണ്ടിയർമാരുടെ വീടുകളിലും കൂൺ കൃഷി നടപ്പിലാക്കും. ചടങ്ങിൽ ആമിന പൂവഞ്ചേരി, ഡോ. ഹേമ, ഡോ. മുഹമ്മദ്, പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ, അംന പി, ആസിഫലി , ശരണ്യ , ശഹീദ ഷെറിൻ, ഫാതിമ തഹാനി സംസാരിച്ചു.