health-seminar
കേരളകൗമുദി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി: ജീവിതമാവണം യുവാക്കളുടെയും കൗമാരക്കാരുടെയും ലഹരിയെന്നും ഇങ്ങനെയെങ്കിൽ മറ്റുള്ള എല്ലാ ലഹരിയിൽ നിന്നും മാറിനിൽക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ് പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിൽ കേരളകൗമുദി സംഘടിപ്പിച്ച ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസ്സിന് ആരോഗ്യമുണ്ടാവണമെങ്കിൽ ലഹരികളിൽ നിന്ന് മാറിനിൽക്കേണ്ടതുണ്ട്. മനസ്സിന് ആരോഗ്യമുണ്ടായാലേ ശരീരത്തിന് ആരോഗ്യമുണ്ടാവൂ. നല്ലൊരു ജിവിതം നയിക്കാനും കഴിയൂ. അത്തരത്തിലൊരു മാറ്റത്തിന് സെമിനാർ പ്രചോദനമാവും. എക്സൈസ് വകുപ്പ് ലഹരിക്കെതിരെ വിവിധ ബോധവത്ക്കരണ പരിപാടികൾ നടത്തുന്നുണ്ട്. വ്യക്തികളുടെ ശാരീരിക,​ മാനസിക ആരോഗ്യം കാത്തുരക്ഷിക്കുകയെന്ന ലക്ഷ്യം വെച്ചാണിതെന്നും അദ്ദേഹം പറഞ്ഞു. സൈക്കോളജിസ്റ്റ് സമീറ ഷിബു ക്ലാസ്സെടുത്തു. കൗമാരക്കാരുടെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചു അവർ സംസാരിച്ചു. കൗമാരകാലത്തുണ്ടാവുന്ന പല പ്രശ്നങ്ങൾക്കും കാരണം ഈ കാലഘട്ടത്തിൽ മാനസികമായും ശാരീരികമായും ഉണ്ടാവുന്ന മാറ്റങ്ങളും ഹോർമ്മോൺ വ്യതിയാനങ്ങളുമാണ്. ഇതേകുറിച്ച് കൗമാരക്കാരും യുവജനങ്ങളും മനസ്സിലാക്കിയാൽ തന്നെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. കൗമാരക്കാരുടെ പ്രേമബന്ധങ്ങൾ ജീവിതത്തിന് വലിയൊരു വിലങ്ങുതടിയാവുന്ന സാഹചര്യങ്ങളുണ്ട്. സോഷ്യൽ മീഡിയ വളർന്ന് വികസിച്ച കാലത്ത് ഈ സാഹചര്യം വർദ്ധിച്ചിട്ടുണ്ട്. പ്രേമബന്ധങ്ങളോ, സോഷ്യൽ മീഡിയയോ വേണ്ടെന്നല്ല,​ അത് ജീവിതത്തിന് വലിയ കുരുക്കായി മാറാതെ നോക്കണം. ഇത്തരം സാഹചര്യങ്ങളെ വ്യക്തികൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വരണം. പ്രശ്നങ്ങൾ വ്യക്തിയെ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറരുത്. ഇതിന് കൗമാരാരോഗ്യ വിദ്യാഭ്യാസം എല്ലാവർക്കും കൃത്യമായി ലഭിച്ചിരിക്കണമെന്നും ജീവിതാനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണ സഹിതം അവർ വിശദമാക്കി. പ്രിൻസിപ്പൽ ഡോ. സി.പി. അയ്യൂബ് കേയി അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. പ്രവർത്തന മികവിന് കേരളകൗമുദിയുടെ ഉപഹാരം വൈദ്യർസ് ആയൂർവേദ മാനേജിങ് ഡയറക്ടർമാരായ എം.കെ. വിശ്വജിത്ത്,​ എം.കെ. വിനോദ്,​ സൂര്യ സിദ്ധ ആയൂർവേദ യൂനാനി ക്ലിനിക് മാനേജിങ് ഡയറക്ടർ ഉമ്മർ ഫാറൂഖ് വൈദ്യർ എന്നിവർക്ക് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ് സമ്മാനിച്ചു. കോളേജ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രൊഫ. പി.എം. മുഹമ്മദ് നജീബ്,​ ഡോ. ടി.വി. സകറിയ,​ ഡോ. ഇബ്രാഹിം ചോലക്കൽ,​ ലഫ്. പി. അബ്ദുൽ റഷീദ്,​ ടി.വി.മുഹമ്മദ് നിസാർ,​ സാഹിർ അലി,​ ടി.മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.