മഞ്ചേരി: വേനൽ ആരംഭിക്കാനിരിക്കെ, പൈപ്പു ലൈൻ തകർന്നു ദാഹജലം പാഴാവുന്ന പതിവിനു ഇത്തവണയും മഞ്ചേരിയിൽ മാറ്റമില്ല. പുല്ലൂരിൽ സ്‌കൂൾ റോഡിൽ പൈപ്പു പൊട്ടി വൻതോതിലാണ് ശുദ്ധജലം പാഴാവുന്നത്. ഒരാഴ്ചയിലേറെയായി തുരുന്ന പ്രശ്നത്തിന് പരിഹാരം വൈകുകയാണ്.
പുല്ലൂർ സ്‌ക്കൂൾ റോഡിലാണ് ജലവിഭവ വകുപ്പിന്റെ പൈപ്പു ലൈൻ തകർന്ന് വൻതോതിൽ ശുദ്ധജലം നഷ്ടമാവുന്നത്. ദാഹജലക്ഷത്തിനു കടുത്ത ക്ഷാമം നേരിടാറുള്ള പ്രദേശത്ത് ആയിരക്കണക്കിനു ലിറ്റർ വെള്ളം പാഴാവുന്നതു സംബന്ധിച്ചു നാട്ടുകാർ വകുപ്പധികൃതർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഒരാഴ്ചയിലേറെയാണ് റോഡരികിൽ വെള്ളം പരന്നൊഴുകുകയാണ്. പുല്ലൂരിനടുത്ത് ചെമ്മാട് ഭാഗത്തേക്കുള്ളതാണ് ഈ ജലവിതരണ പൈപ്പു ലൈൻ. പൈപ്പു തകർന്നതോടെ ചെമ്മാട് മേഖലയിൽ ജലക്ഷാമം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നു. വിഷയത്തിൽ തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണെന്ന ആവശ്യത്തിനൊപ്പം ബന്ധപ്പെട്ടവർ തുടരുന്ന അനാസ്ഥക്കെതിരെ ജനരോഷം പ്രദേശത്തു ശക്തമാണ്. കാലഹരണപ്പെട്ട ജലവിതരണ പദ്ധതിയാണ് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളത്. കാലപ്പഴക്കത്താൽ ജലവിതരണത്തിന്റെ മർദ്ദം താങ്ങാനാവാതെയാണ് പൈപ്പു ലൈനുകൾ തകരുന്നത്. എല്ലാ വേനലിലും ഈ പ്രശ്നം അതിരൂക്ഷമാണ്. നഗര കുടിവെള്ള പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുകയാണ് ഇതിനു ശാശ്വത പരിഹാരമെന്നും അതിനുള്ള പദ്ധതി സർക്കാറിനു സമർപ്പിച്ചിട്ടുണ്ടെന്നും ജലവിഭവ വകുപ്പധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാലിക്കാര്യത്തിൽ അനിവാര്യമായ ഇടപെടൽ സർക്കാറിൽ നിന്നും വൈകുകയാണ്.