പൊന്നാനി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊന്നാനി താലൂക്കിൽ ഭൂമി ഏറ്റെടുക്കുന്നവരുടെ ഹിയറിംഗ് ആരംഭിച്ചു.കാലടി വില്ലേജിലെ ഹിയറിംഗിനാണ് തുടക്കമായത്. ഹിയറിംഗ് മാർച്ച് 24 വരെ നീണ്ടു നിൽക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിൽ 43.2855 ഹെക്ടർ ഭൂമിയാണ് ആകെ ഏറ്റെടുക്കുന്നത്. ഇതിൽ 3 ഡി വിഞ്ജാപനം നിലവിൽ വന്ന 24.3742 ഹെക്ടർ ഭൂമിയിലുള്ളവരുടെ ഹിയറിംഗാണ് ഇപ്പോൾ നടക്കുന്നത്.
ആദ്യദിനം കാലടി വില്ലേജിലെ 36 ഭൂവുടമകളുടെ ഹിയറിംഗ് പൂർത്തിയായി. ഭൂമി, കെട്ടിടം, കാർഷിക വിളകൾ, മരം എന്നിവയ്ക്ക് തരം തിരിച്ച് മൂല്യം കണക്കാക്കിയാണ് തുക നൽകുക. ഇതുപ്രകാരം കാലടി വില്ലേജിൽ സ്ഥലത്തിന് 6. 62 കോടി രൂപയും, കെട്ടിടങ്ങൾക്ക് 55 ലക്ഷം രൂപയും, കാർഷിക വിളകൾക്ക് 82 ലക്ഷം രൂപയും, കാർഷിക വിളകൾക്ക് 82 ലക്ഷം രൂപയും, മരങ്ങൾക്ക് 87,000 രൂപയുമാണ് നൽകുക. ഭൂമിയുമായി ബന്ധപ്പെട്ട 15 രേഖകളാണ് ഹിയറിംഗിന് ഹാജരാക്കേണ്ടത്. മുഴുവൻ രേഖകളും ഹാജറാക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും.
ഹിയറിംഗിൽ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ലാന്റ് അക്വിസിഷൻ വിഭാഗം തുക അനുവദിക്കുന്നതിനായി ദേശീയപാതക്ക് അപേക്ഷ സമർപ്പിക്കും. തുടർന്ന് പണം ലഭ്യമാവുന്ന മുറയ്ക്ക് ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ പണം നൽകിയ ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നടക്കും.
ഫെബ്രുവരി 4 മുതൽ പതിനൊന്ന് വരെ പെരുമ്പടപ്പ് വില്ലേജിന്റെ ഹിയറിംഗും, തുടർന്ന്, വെളിയങ്കോട്, പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ എന്നിവിടങ്ങളിലെ ഹിയറിംഗും നടക്കും.