മഞ്ചേരി: പുരാവസ്തുക്കളുടെ വൈവിധ്യ ശേഖരവുമായി നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റംഷിദ് നടത്തുന്ന പ്രദർശനം ശ്രദ്ധേയമാവുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സ്വന്തം ചികിത്സയ്ക്കും തുടർപഠനത്തിനുമുള്ള തുക കണ്ടെത്തുക എന്ന ലക്ഷ്യമാണ് പ്രദർശനത്തിനു പിന്നിൽ. പുരാവസ്തു പ്രദർശനത്തിൽ വേണ്ട വിഭവങ്ങളെല്ലാമായി റംഷിദ് ഒരുക്കുന്ന പ്രദർശനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 158 രാജ്യങ്ങളിലായി നിലനിന്നിരുന്ന പലതരം നാണയങ്ങൾ, കറൻസികൾ, പുതുതലമുറക്കു കേട്ടു മാത്രം പരിചയമുള്ള പൊൻപണം തുടങ്ങി ധന വിനിമയ രംഗത്തെ കാലഘട്ട വൈവിധ്യങ്ങൾ വിളിച്ചോതുന്ന പ്രദർശനത്തിൽ സ്റ്റാമ്പുകളാണ് മറ്റൊരു വിഭാഗം.
ലോക രാജ്യങ്ങളുടേയെല്ലാം സ്റ്റാമ്പുകൾ ഈ കുട്ടിയുടെ കയ്യിലുണ്ട്. ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന ലൈറ്റർ, വിവിധ വിളക്കുകൾ, മലപ്പുറം കത്തി മുതലുള്ള ആയുധങ്ങൾ, ക്യാമറകളുടെ സാങ്കേതിക വികാസം വെളിവാക്കുന്ന സമഗ്ര ശേഖരം, റേഡിയോകൾ, ഗ്രാമഫോണുകൾ തുടങ്ങി റംഷിദിന്റെ സമ്പാദ്യം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. നിലമ്പൂർ ചന്തക്കുന്ന് ഗ്യാസ് റോഡിനു സമീപം പകുതിപ്പറമ്പു വീട്ടിൽ ഉമ്മയോടൊപ്പം കഴിയുന്ന റംഷിദിന് പുരാവസ്തു പ്രദർശനം വെറും വിനോദമല്ല. ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടം കൂടിയാണ്. വൃക്കകൾ മാറ്റിവെച്ചു ചികിത്സയിൽ തുടരുന്ന റംഷിദിന് ഒരു മാസം ചികിത്സ ചെലവു തന്നെ 10,000 രൂപയിലധികം വരും. ഈ ചെലവ് സ്വയം വഹിക്കുകയാണ് ഈ മിടുക്കൻ. പിതാവു മരിച്ചതിനു ശേഷം ഉമ്മയുടെ ഏക പ്രതീക്ഷയായ റംഷിദിന് പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് രോഗമുണ്ടാവുന്നത്. അതോടെ പഠനം നിലച്ചു.
പിന്നീട് പ്ലസ്ടു എഴുതിയെടുത്തു. തുടർപഠനം പൂർത്തിയാക്കുകയാണ് റംഷിദിന്റെ സ്വപ്നം. ഇതിനുള്ള വകകണ്ടെത്തുകയും പ്രദർശന ലക്ഷ്യമാണ്. സുഹൃത്തുക്കളും മമ്പാടുള്ള പൊതു പ്രവർത്തകൻ ഹബീബുമാണ് റംഷിദിനു സഹായങ്ങൾ ഒരുക്കി കൂടെയുള്ളത്. വിദ്യാർത്ഥികളിൽ ആവേശമുയർത്തി. മികച്ച അനുഭവമാണ് പ്രദർശനമെന്ന് പ്രിൻസിപ്പൽ ഗീതാമണിയും വിലയിരുത്തി. ഇതിനകം അമ്പതിൽപരം വിദ്യാലയങ്ങളിൽ റംഷിദ് പ്രദർശനം സംഘടിപ്പിച്ചുകഴിഞ്ഞു.
ജീവിതവഴിയിൽ വലിയ ലക്ഷ്യത്തിലേക്കുനടന്നടുക്കുകയാണ് ഈ കൊച്ചു മിടുക്കൻ. വിധിക്ക് ജീവിതത്തെ വിട്ടുകൊടുക്കാതെ പോരാട്ടവഴിയിൽ മുന്നേറാൻ റംഷിദിന് സാമൂഹ്യ പിന്തുണയും അനിവാര്യമാണ്. താൽപര്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നു പറയുന്ന റംഷിദിന്റെ ഫോൺ നമ്പർ: 9539259404.