മലപ്പുറം: മൂന്നാം സീറ്റെന്ന ആവശ്യം ഈമാസം 10ന് ചേരുന്ന യു.ഡി.എഫ് ഉഭയകക്ഷി യോഗത്തിൽ ശക്തമായി ഉന്നയിക്കാൻ പാണക്കാട് ചേർന്ന മുസ്‌ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. വയനാട്, വടകര, കാസർകോട്, പാലക്കാട് മണ്ഡലങ്ങളിലൊന്ന് ആവശ്യപ്പെടാൻ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ യോഗം ചുമതലപ്പെടുത്തി. സംഘടനാശേഷിയും അണികളുടെ ശക്തമായ സമ്മർദ്ദവും ലീഗ് ചൂണ്ടിക്കാട്ടും. കെ.എം. മാണിക്ക് രണ്ടാം സീറ്റെങ്കിൽ മൂന്നാം സീറ്റിന് ലീഗിനും അർഹതയുണ്ടെന്ന നിലപാടെടുക്കും. സീറ്റാവശ്യം കോൺഗ്രസുമായി അസ്വാരസ്യമുണ്ടാക്കരുതെന്നും നേതൃത്വം അഭിപ്രായപ്പെട്ടു. മൂന്നാം സീറ്റ് കാലങ്ങളായുള്ള വാഗ്ദാനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. മൂന്നാം സീറ്റിനായി അണികളും യൂത്ത്‌ലീഗും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ നേതൃത്വത്തിന് തണുപ്പൻ സമീപനമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഉഭയകക്ഷി ധാരണയോടെ സീറ്റാവശ്യത്തിൽ നിന്ന് പിന്മാറിയാലും അണികളെ തൃപ്തിപ്പെടുത്താനാവും. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് അവകാശപ്പെടാനും വഴിയൊരുക്കും.
പൊന്നാനി, മലപ്പുറം ലോക്‌സഭാമണ്ഡലങ്ങളിൽ സിറ്റിംഗ് എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാനും ധാരണയായി. കടുത്ത മത്സരം അരങ്ങേറിയ പൊന്നാനിയിൽ പുതിയ സ്ഥാനാർത്ഥികൾ ദോഷം ചെയ്തേക്കാമെന്ന വിലയിരുത്തലുമുണ്ടായി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, എം.കെ. മുനീർ, പി.വി.അബ്ദുൽ വഹാബ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തു.
മുല്ലപ്പള്ളിയും രമേശും തങ്ങളെ സന്ദർശിച്ചു
ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് തൊട്ടുമുമ്പായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലീഗ് സംസ്ഥാനാദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെത്തി കണ്ടു. രാവിലെ എട്ടരയ്‌ക്കെത്തിയ ചെന്നിത്തല അരമണിക്കൂറോളം തങ്ങളുമായി ചർച്ച നടത്തി. ഒമ്പരയ്ക്കാണ് മുല്ലപ്പള്ളി എത്തിയത്. കേന്ദ്രത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസ് കൂടുതൽ സീറ്റിൽ മത്സരിക്കേണ്ടതിന്റെ ആവശ്യകതയും മുന്നണിക്കുള്ളിലെ പ്രതിസന്ധിയും ലീഗ് നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം. ലീഗ് യു.പി.എയ്ക്ക് ഒപ്പമാണെന്നതിനാൽ സീറ്റ് നൽകുന്നതിൽ തടസമില്ലെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്. ജനമഹായാത്രയുടെ പിന്തുണ തേടിയുള്ള സൗഹൃദ സന്ദർശനമായിരുന്നെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചെന്നിത്തലയുടേത് സ്വകാര്യ സന്ദർശനമായിരുന്നെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.