മലപ്പുറം: ജില്ലയിൽ ഡിഫ്തീരിയ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ കുത്തിവയ്പ്പിനായി ഒന്നരലക്ഷം ടി.ഡി വാക്സിൻ ഡോസ് ജില്ലയിലെത്തി. ആദ്യഘട്ടത്തിൽ 1.95 ലക്ഷം ഡോസുകൾ ആവശ്യപ്പെട്ട സ്ഥാനത്താണിത്. 18 വയസിന് താഴെയുള്ള മുഴുവൻപേർക്കും നൽകണമെങ്കിൽ പത്ത് ലക്ഷം ഡോസെങ്കിലും വേണ്ടി വരും. നാല് ലക്ഷം ഡോസുകളെങ്കിലും ലഭിച്ചാലേ ചെറിയ കുട്ടികളിൽ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാനാവൂ.
നേരത്തെ ഡിഫ്തീരിയ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും കുത്തിവയ്പ്പ് എടുക്കാത്തവർ കൂടുതലുള്ള പ്രദേശങ്ങളിലുമാണ് ആദ്യം കുത്തിവയ്പ്പ് നൽകുക. രണ്ടുവർഷം മുമ്പ് ജില്ലയിൽ ഡിഫ്തീരിയ പൊട്ടിപുറപ്പെട്ടതിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ റീജ്യണൽ പ്രിവൻഷൻ ഒഫ് എപ്പിഡമിക് ആന്റ് ഇൻഫെക്ഷൻ ഡിസീസ് സെൽ(പീഡ്) വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രണ്ടാഴ്ച്ച മുമ്പാണ് ജില്ലയിലെ യത്തീംഖാനയിലെ മൂന്ന് വിദ്യാർത്ഥികളെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഒരേ സ്ഥാപനത്തിലെ വിദ്യാർത്ഥികളും ഒരുമുറിയിൽ കഴിയുന്നവരുമാണിവർ. ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയാനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അടിയന്തരമായി പ്രതിരോധ വാക്സിൻ നൽകണമെന്ന പീഡിന്റെ നിർദ്ദേശം പാലിക്കപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച കാമ്പസിൽ മൂന്ന് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ രോഗം സ്ഥിരീകരിച്ച സ്ഥാപനത്തിലെ കുട്ടികൾക്ക് മാത്രമാണ് ടി.ഡി വാക്സിൻ നൽകിയത്.
മുഴുവൻ പേർക്കും പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയ പീഡ് സംഘം ജില്ലാ ആരോഗ്യവകുപ്പിന് നിർദ്ദേശമേകിയിട്ടുണ്ട്. എവിടെ നിന്നാണ് രോഗം വന്നതെന്ന് കണ്ടെത്തുന്നതിനായി വിവരശേഖരണവും നടത്തി. കുട്ടികൾക്കിടയിലെ രോഗവാഹകരിൽ നിന്നാണോ ഏതെങ്കിലും കുട്ടിയുടെ നാട്ടിൽ നിന്നാണോ ഹോസ്റ്റലിൽ രോഗമെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളിൽ രോഗവാഹകരുണ്ടോ എന്നു കണ്ടെത്താൻ ആന്റിബയോട്ടിക് നൽകുംമുമ്പ് സ്രവപരിശോധന നടത്താമായിരുന്നെങ്കിലും ഇതും നടന്നിട്ടില്ല.
പീഡ് സംഘം
പ്രവർത്തനം
ഊർജ്ജിതം
കുട്ടികളിലെ രോഗവാഹകരെ കണ്ടെത്താൻ ഇതുവരെ പ്രതിരോധ കുത്തിവയ്പ്പുകളൊന്നും ലഭിക്കാത്ത 24 പേരുടെ സ്രവങ്ങളെടുത്ത് പരിശോധനയ്ക്ക് അയച്ചു.
പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയും രോഗലക്ഷണങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളും സംഘം വിലയിരുത്തി.
'സ്രവ പരിശോധനാ ഫലം വരുന്നതോടെ രോഗവ്യാപനം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരും. രോഗവ്യാപനം തടയാൻ കൈകൊള്ളേണ്ട നിർദ്ദേശങ്ങളും സാങ്കേതിക സഹായവും ജില്ലാ ആരോഗ്യവകുപ്പിന് നൽകും.
ഡോ. ലൈലാബി,
പീഡ് സെൽ കോർഡിനേറ്റർ