മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹ്യാഘാത പഠനം ഉടൻ പൂർത്തിയാക്കും. ജില്ലാ കളക്ടർ അമിത് മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഠന റിപ്പോർട്ട് ലഭിച്ച ശേഷം നാട്ടുകാരുടെ ഹിയറിംഗ് നടത്തും. അതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
ജനങ്ങളുടെ ആശങ്കയകറ്റി മാന്യമായ നഷ്ടപരിഹാരം നൽകിയ ശേഷമേ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാവൂയെന്ന് എം.എൽ.എ മാരായ ടി.വി. ഇബ്രാഹീം, പി.അബ്ദുൽ ഹമീദ് എന്നിവർ ആവശ്യപ്പെട്ടു. സ്ഥലം നഷ്ടപ്പെടുന്നവരെ പരിഗണിച്ചു മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് കളക്ടർ ഉറപ്പ് നൽകി.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ കെ.സി.ഷീബ, എയർപോർട്ട് ഡയറക്ടർ കെ. ശ്രീനാവാസ റാവു, ഡെപ്യൂട്ടി കളക്ടർമാരായ എം.അബ്ദുൽ സലാം, കാവേരിക്കുട്ടി, തഹസിൽദാർ പി.രഘുനാഥൻ, കൊണ്ടോട്ടി നഗരസഭ കൗൺസിലർ ചുക്കാൻ ബിച്ചു, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ യു.രാമൻകുട്ടി, ജില്ലാ സർവ്വേ സൂപ്രണ്ട് കെ.ദാമോദരൻ, റവന്യൂ ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.