മലപ്പുറം : ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ തനിക്ക് വീട്ടിൽ പ്രവേശിച്ച് ഭർത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുർഗ്ഗയുടെ ആവശ്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.
കമ്മിഷൻ അംഗം കെ.മോഹൻകുമാറാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകിയത്. കനകദുർഗ്ഗ നൽകിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 14 ന് കേസ് പരിഗണിക്കും.
ജനുവരി 15 ന് വീട്ടിലെത്തിയ തന്നെ ഭർത്താവിന്റെ അമ്മ മർദ്ദിച്ചതായും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി തിരികെയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്നും പരാതിയിൽ പറയുന്നു. താൻ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ ഭർത്താവ് വീട് പൂട്ടി രണ്ട് മക്കളുമായി കടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പെരിന്തൽമണ്ണ പൊലീസ് ഭർത്താവിനെ കണ്ടെത്തിയെങ്കിലും വീട് തുറന്നുതരാൻ സന്നദ്ധനായില്ല. താൻ സഖി വൺസ്റ്റോപ്പ് സെന്ററിലാണ് താമസിക്കുന്നത്. സുപ്രീംകോടതി ഉത്തരവിലൂടെ പൊലീസ് സംരക്ഷണം ലഭിച്ച തനിക്ക് വീട്ടിൽ കയറാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.