പൊന്നാനി: ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടപ്പാക്കുന്ന പെപ്പർ പദ്ധതിയുടെ ഭാഗമായി 13 മേഖലകളിൽ ടൂറിസം സൗകര്യമൊരുക്കും. ഹെറിറ്റേജ് , മത്സ്യബന്ധനം, കയര്‍ സംസ്കരണം, കളിമണ്‍ പാത്ര നിര്‍മ്മാണം, കായല്‍ സവാരി, കടല്‍ അറിവുകള്‍ , പൊന്നാനി പലഹാരങ്ങള്‍, ഭക്ഷണം, ഖവ്വാലി, ഗസല്‍ സംഗീത ധാരകള്‍, പൈതൃക ഭവനങ്ങളിലെ താമസം, പുഞ്ചക്കോള്‍ മേഖലയിലെ കൃഷി പരിചയം, പരിസ്ഥിതി പഠനം തുടങ്ങിയവയാണ് പൊതുജന പങ്കാളിത്തത്തോടെ വിനോദ സഞ്ചാരികൾക്കായി ഒരുക്കുക.നാട്ടുകാഴ്ചകളും തനത് സംസ്കാരവും നാടൻ ഭക്ഷണ വൈവിദ്ധ്യവും വരുമാന മാർഗ്ഗമാക്കി മാറ്റുന്നതിനോടൊപ്പം പൊന്നാനിയുടെ സംസ്ക്കാരത്തെ ലോകത്തിന് മുന്നിൽ തുറന്നിടുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൊന്നാനിയുടെ ടൂറിസം സാദ്ധ്യതകളെയും തദ്ദേശീയമായ വ്യത്യസ്ഥതകളെയും പ്രദേശവാസികൾ തന്നെ പര്യവേഷണം ചെയ്ത് സഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ പെപ്പർ സ്പെഷ്യല്‍ ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം മിഷന് പൊന്നാനി നഗരസഭയില്‍ ആരംഭിക്കുന്ന പെപ്പര്‍ പദ്ധതിയോടനുബന്ധിച്ചാണ് രാവിലെ പത്ത് മുതല്‍ വൈകിട്ട് മൂന്ന് വരെ എ.വി.എച്ച്.എസ്. സ്കൂളിൽ സ്പെഷ്യല്‍ ഗ്രാമസഭ നടത്തിയത്.വിനോദ സഞ്ചാര മേഖലയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയാണ് പെപ്പര്‍. ടൂറിസം സാദ്ധ്യതകളുള്ള പ്രദേശങ്ങളെ കണ്ടെത്തി ജനപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പങ്കാളിത്ത ടൂറിസം ആസൂത്രണ പ്രക്രിയയാണിത്. ടൂറിസം മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയില്‍ പൊന്നാനി മണ്ഡലത്തിലെ എല്ലാ ടൂറിസം സാദ്ധ്യതകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനിയുടെ സ്വന്തമായ വിവിധ ടൂറിസം സാദ്ധ്യതകളും ജനങ്ങളുടെ കഴിവും കരവിരുതുകളും പാരമ്പര്യങ്ങളും അവരുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും വിവിധ പാക്കേജുകളായി നടപ്പാക്കുകയാണ് ചെയ്യുക.
പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ നഗരസഭയിലെ വ്യത്യസ്ഥ മേഖലയിലുള്ള നിരവധി പേർ പങ്കെടുത്തു. ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ഥ മേഖലകളിൽ ചർച്ചയും നടന്നു. ഗ്രൂപ്പ് ചർച്ചയിൽ പൊന്നാനിയുടെ വൈവിദ്ധ്യങ്ങളായ ടൂറിസം സാദ്ധ്യതകളാണ് ഉയർന്ന് വന്നത്. പെപ്പറിന്റെ ഭാഗമായി പൊന്നാനിയിൽ ടൂറിസം റിസോഴ്സസ് മാപ്പിംഗ് നടത്തുകയും വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് നടപ്പിലാക്കുകയും ചെയ്യും.ഗ്രാമസഭ പൊന്നാനി നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വ ടൂറിസം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീകലാ ലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. വൈസ്ചെയർപേഴ്സൺ വി.രമാദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.ഒ.ഷംസു, ടി.മുഹമ്മദ് ബഷീർ, അഷ്റഫ് പറമ്പിൽ, ഷീന സുദേശൻ, റീന പ്രകാശൻ, കൗൺസിലർമാരായ എം.പി.നിസാർ, എ.കെ.ജബ്ബാർ, പ്രദോഷ് എന്നിവർ പ്രസംഗിച്ചു. കെ.ഗണേശൻ സ്വാഗതവും ഡി.ടി.പി.സി അംഗം പി.വി അയ്യൂബ് നന്ദിയും പറഞ്ഞു.