പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഓരാടംപാലം - മാനത്ത് മംഗലം ബൈപ്പാസ് യാഥാർത്ഥ്യമാക്കാനായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്ത് പ്രത്യേക ഉന്നതതല യോഗം വിളിച്ചു. ഫെബ്രുവരി അഞ്ചിന് ചൊവ്വാഴ്ച രാവിലെ 10.30ന് സ്പീക്കറുടെ ചേംബറിലാണ് യോഗം.
യോഗത്തിൽ സ്പീക്കർക്കു പുറമെ മന്ത്രിമാരായ ഡോ.തോമസ് ഐസക്, ജി.സുധാകരൻ, എം.എൽ.എമാരായ ടി.എ അഹമ്മദ് കബീർ, മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.കെ റഷീദലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ, ധന, പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ബൈപ്പാസിനാവശ്യമായ സാമ്പത്തിക, സാങ്കേതിക അനുമതിക്കാവശ്യമായ എല്ലാ വിഷയങ്ങളും യോഗം ചർച്ച ചെയ്ത് ഒന്നര വർഷത്തിനുള്ളിൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കാനാവശ്യമായ തീരുമാനങ്ങളെടുക്കും.
നിലവിലെ റോഡിൽ നവീകരണ പ്രക്രിയ മൂലം ഒരാഴ്ചത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.