മലപ്പുറം: കരിപ്പൂരില്‍ നിന്നും എയര്‍ ഇന്ത്യയുടെ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി എയര്‍ ഇന്ത്യ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോളയുമായി ചര്‍ച്ച നടത്തി. ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടനെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2015ല്‍ നിറുത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചത് മുതലുള്ള ആവശ്യമാണ് എയര്‍ ഇന്ത്യ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുകയെന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ നടന്ന ചര്‍ച്ച. ഇതോടൊപ്പം ആദ്യ ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരില്‍ നിന്ന് ആരംഭിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരില്‍ 75 ശതമാനത്തോളം മലബാറുകാരാണെന്നതടക്കമുള്ള കാര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ ബോദ്ധ്യപ്പെടുത്തി. ഡല്‍ഹി-കണ്ണൂര്‍ എയര്‍ ഇന്ത്യ വിമാനം കണക്ഷന് ഫ്ലൈറ്റ് ആയി കരിപ്പൂരിലേക്ക് നീട്ടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഉടനെ എയര്‍ഇന്ത്യയുടെ വലിയവിമാന സര്‍വീസ് കരിപ്പൂരില്‍നിന്നും പുനാരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.