തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വഴിതെളിഞ്ഞു. കേന്ദ്രത്തിന് തുക നൽകുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ അറിയിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പരിധിയിലെ നഗരസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും തുകയനുവദിക്കുന്നതിന് തടസ്സമുണ്ടായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കേന്ദ്രം. കമ്മിറ്റിയുടെ കൈവശം നാലുലക്ഷം മാത്രമാണ് ശേഷിക്കുന്നതെന്ന വിവരവും പുറത്തുവന്നിരുന്നു. പി.കെ. അബ്ദുറബ്ബ്. എം.എൽ.എയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ കലാമും നൽകിയ നിവേദനം പരിശോധിച്ചാണ് നടപടി.
നഗരസഭകൾക്ക് പത്ത് ലക്ഷം വരെയും ഗ്രാമപഞ്ചായത്തുകൾക്ക് അഞ്ച് ലക്ഷംവരെയും തനത് ഫണ്ടിൽ നിന്ന് ഡയാലിസ് കേന്ദ്രത്തിന് സംഭാവന നൽകുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
എല്ലാവർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന ലഭിക്കാറുണ്ടങ്കിലും ഈ വർഷം സാങ്കേതിക പ്രശ്നങ്ങൾ മൂലം നൽകാനാവാഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി. ഇതിനിടയാലാണ് ആശ്വാസം പകർന്ന സർക്കാരിന്റെ ഉത്തരവെത്തുന്നത്.