തേഞ്ഞിപ്പലം: വീട് നിർമ്മാണത്തിനും വാസയോഗ്യമാക്കുന്നതിനും മുന്തിയ പരിഗണന നൽകി പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ് അവതരിപ്പിച്ചു. സർക്കാർ നിർദേശിച്ചതിലും 50 ശതമാനത്തിലേറെ തുക വർദ്ധനവ് വരുത്തിയാണ് രണ്ട് കോടി രൂപ ഭവനമേഖലക്കായി മാറ്റിവെച്ചത്. കരിപ്പൂർ വിമാനത്താവളം ഉൾകൊള്ളുന്ന പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് പ്രധാന്യം നൽകി 30 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നതിനും മറ്റും 48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ പേരുടെയും രോഗചികിൽസയ്ക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കും. 24.30 കോടി രൂപ യുടെ ബജറ്റിൽ 23.38 കോടി ചെലവും 92.82 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നു. ബജറ്റിൽ ഉൽപാദന മേഖലയ്ക്ക് 74.49 ലക്ഷവും സേവനമേഖലയ്ക്ക് 4.55 കോടിയും പശ്ചാത്തല മേഖലയ്ക്ക് 3.16 കോടിയും വകയിരുത്തിയിട്ടുണ്ട്.