തിരൂരങ്ങാടി: റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ ജനകീയ പരിപാടികൾക്ക് തുടക്കംകുറിച്ചു. പുതിയ ഡ്രൈവർമാർക്കും, ട്രാൻസ്പോർട്ട് വാഹനങ്ങളിലെ ഡ്രൈവർമാർക്കും റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, പരപ്പനങ്ങാടി, തിരൂരങ്ങാടി, ചെമ്മാട് പ്രദേശങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സും റോഡ് സുരക്ഷാ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. എ.എം.വി.ഐ അബ്ദുൽകരീം ചാലിൽ, ടി.പി.സുരേഷ് ബാബു എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. തുടർന്ന് ഓരോ ദിവസങ്ങളിലായി ചെമ്മാട് ബസ്റ്റാന്റിൽ സൗജന്യ കണ്ണ് പരിശോധന, തിരൂരങ്ങാടി ട്രോമാ കെയർ യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും മോട്ടോർവാഹനവകുന്റെയും ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ സന്ദേശം പ്രചരിപ്പിക്കൽ, മാഞ്ഞുപോയ സീബ്രാലൈൻ തെളിയിക്കൽ, സൂചന ബോർഡ് വൃത്തിയാക്കുക, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്കിലെ വിവിധ സ്കൂളുകളിൽ ചിത്രരചന മത്സരം, ക്വിസ് പ്രോഗ്രാം, വിദ്യാർത്ഥികൾക്ക് സ്കൂൾതല റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്, ജി.ആർ.സി, എസ്.പി.സി എൻ.സി.സി സ്കൗട്ട് വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് റോഡ് സുരക്ഷാ ബോധവൽക്കരണ റാലിയും, സീബ്രാലൈൻ ഉപയോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക തലങ്ങളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി സ്ഥിരമായി അപകട നടക്കുന്ന സ്ഥലങ്ങളിൽ റോഡ് സേഫ്റ്റി ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചു. അപകട വളവിൽ കോൺവെക്സ് ലെൻസ് സ്ഥാപിക്കും. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ ഷാജു എ ബക്കർ, എം.വി.ഐ സുനിൽ ബാബു എ.എം.വി.ഐമാരായ അബ്ദുൽകരീം ചാലിൽ, ടി.പി സുരേഷ് ബാബു, ഷജിൽ കെ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്