പൊന്നാനി: പൊന്നാനി നഗരസഭ തുടക്കം കുറിച്ച കനോലി കനാൽ പുനരുദ്ധാരണ പദ്ധതിയായ ക്ലീൻ കനോലി പാതിവഴിയിൽ ഒഴുക്കു നിലച്ച നിലയിൽ. നഗരസഭ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാലിനെ ശുദ്ധീകരിച്ച് പുനരുദ്ധരിക്കുകയെന്ന ശ്രമഫലമായ ദൗത്യമാണ് പൊന്നാനി നഗരസഭ ഏറ്റെടുത്തിരുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ കനാലിലേക്ക് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിരുന്നു.തുടർ പ്രവർത്തനങ്ങളായി നിർദ്ദേശിക്കപ്പെട്ടവയുടെ കാര്യത്തിൽ നഗരസഭ പിന്നോട്ടടിക്കുകയാണ്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള ഡി.പി.ആർ തയ്യാറാക്കിയിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
കനോലി കനാലിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങൾ പൂർണ്ണമായും തടഞ്ഞ് ആഴവും വീതിയും കൂട്ടി പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്ന ബൃഹത് പദ്ധതിയാണ് നഗരസഭ ലക്ഷ്യമിട്ടിരുന്നത്. ഒന്നാം ഘട്ടമായി മാലിന്യമൊഴുക്ക് തടയുക എന്നതായിരുന്നു ലക്ഷ്യം. തീരത്തെ വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യമായിരുന്നു കനാൽ നേരിട്ട ഏറ്റവും വലിയ ഭീഷണി. കക്കൂസ് മാലിന്യം ഒഴുക്കുന്ന വീടുകൾ കണ്ടെത്താൻ നഗരസഭ പ്രത്യേക സർവെ നടത്തി.നാനൂറിൽപരം വീടുകൾ കണ്ടെത്തി. ഒന്നാം ഘട്ടമെന്ന നിലയിൽ തീരത്തെ 200 വീടുകൾക്ക് പോർട്ടബിൾ സെപ്റ്റിക് ടാങ്കുകൾ നൽകി. ഇവ സ്ഥാപിച്ച് ഒരു വർഷം പിന്നിടാനായെങ്കിലും ശേഷിക്കുന്ന വീടുകൾക്ക് ടാങ്കുകൾ സ്ഥാപിക്കുന്നത് നടപ്പാക്കിയിട്ടില്ല.
മാലിന്യഒഴുക്ക് നിലയ്ക്കുന്നില്ല
കനാലിലേക്ക് വിവിധ തരം മാലിന്യങ്ങൾ അനുസ്യൂതം ഒഴുക്കിവിടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ശക്തമായ നടപടി നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അറവു മാലിന്യങ്ങൾ മുതൽ ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെയുള്ള മലിന ജലം വരെ കനാലിലേക്കാണ് ഒഴുക്കിവിടുന്നത്.
ഗുരുവായൂർ മുതൽ പൊന്നാനി വരെയുള്ള കനോലി കനാലിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ തയ്യാറാക്കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഗുരുവായൂർ, പൊന്നാനി മണ്ഡലങ്ങളിലെ എംഎൽഎമാരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. കനാൽ കടന്നു പോകുന്ന പ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ അനിയോജ്യമായ പദ്ധതികൾ തയ്യാറാക്കണമെന്നായിരുന്നു നിർദ്ദേശം. പൊന്നാനി നഗരസഭ നേരത്തെ തയ്യാറാക്കിയ ക്ലീൻ കനോലി പദ്ധതിയാണ് സമർപ്പിച്ചത്. പാർശ്വഭിത്തിയില്ലാത്തതിനാൽ കനാൽ പരന്നൊഴുകുന്നതും, മാലിന്യങ്ങളുടെ ആധിക്യവും കാരണം തീരവാസികൾ ഏറെ ദുരിതത്തിലാണ്. ദേശീയ ജലപാത നവീകരണത്തിന്റെ ഭാഗമായി പൊന്നാനിയിലെ കനോലി കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പാതി വഴിയിൽ നിലക്കുകയായിരുന്നു.നഗരസഭ നടപ്പാക്കിയ ക്ലീൻ കനോലി വലിയ പ്രതീക്ഷയോടെയാണ് തീരവാസികൾ ഉൾപ്പെടെയുള്ളവർ കണ്ടിരുന്നത്. എന്നാൽ പദ്ധതിയുടെ തുടർച്ചയിലുണ്ടായ ഇഴച്ചിൽ തീരവാസികളെ നിരാശയിലാക്കിയിരിക്കുകയാണ്.