പെരിന്തൽമണ്ണ: എട്ടുവർഷം മുമ്പ് ഭരണാനുമതി ലഭിച്ച് 10 കോടി രൂപ അനുവദിച്ച് ഇപ്പോൾ അനിശ്ചിതത്വത്തിൽ നിൽക്കുന്ന ഓരാടം പാലം മാനത്ത് മംഗലം ബൈപ്പാസ് നിർമ്മാണ പ്രവർത്തിയുടെ സാങ്കേതിക തടസ്സങ്ങൾ ദ്രുതഗതിയിൽ പരിഹരിച്ച് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പട്ടണങ്ങളുടെ ഗതാഗത പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ 2009ൽ വിഭാവനം ചെയ്ത് 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അന്നു തന്നെ അലൈൻമെൻറ് ഫിക്സ് ചെയ്ത് സർവ്വെ നടപടി പൂർത്തീകരിച്ച് സർവ്വെ കല്ലുകൾ നാട്ടുകയും ചെയ്തതാണ്. ചിലരുടെ പരാതികളെ തുടർന്ന് അലെൻമെൻറിൽ മാറ്റം വരുത്താൻ നടത്തിയ ഇടപെടലുകളാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. 4.04 കിലോമീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള ഒരാടംപാലത്തു നിന്ന് തുടങ്ങി മാനത്ത് മംഗലം ബൈപ്പാസിൽ അവസാനിക്കുന്ന 25 ഏക്കർ സ്ഥലത്ത് കൂടിയുള്ള നിലവിലുള്ള അലൈൻമെൻറിൽ 9 വീടുകൾ മാത്രമാണ് ജനവാസ കേന്ദ്രമായുളളത്. ഈ അലൈൻമെന്റിൽ മാറ്റം വരുത്തുന്നത് നിരവധി വീടുകൾക്കും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി കണ്ടവും റോഡിനായി ഏറ്റെടുക്കേണ്ട സാഹചര്യം സൃഷ്ടിക്കും. നിലവിൽ ഫിക്സ് ചെയ്ത അലൈൻമെന്റ് പ്രകാരം തന്നെ ബൈപ്പാസ് പ്രവർത്തി നടത്താനും ആയതിനാവശ്യമായ സാങ്കേതിക നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതിക്ക് നിലവിൽ പ്രധാനമായ സാങ്കേതിക കരുക്കിൽ ഒന്നാമത്തെത് റെയിൽവെ നിർദ്ദേശിച്ച പ്രകാരം പി.ഡബ്ല്യൂ.ഡി സമർപ്പിച്ച ഏഴു കണ്ണി പാലത്തിനു മുകളിലൂടെയുള്ള റെയിൽവെ മേൽപാലത്തിനുള്ള അനുമതി വേഗത്തിലാക്കാൻ അടുത്ത ആഴ്ച്ച സതേൺ റെയിൽവെ അധികൃതരുടെ ഉന്നതതല യോഗം തിരുവനന്തപുരത്ത് സ്പീക്കറുടെ ചേബറിൽ ചേർന്ന് വിഷയം ചർച്ച ചെയ്ത് പരിഹരിക്കും. രണ്ടാമത്തെ പ്രശ്നമായ ഭൂമി ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന്റെ എഫ്.എം.ബി വെച്ചുള്ള സർവ്വെ നടപടികൾ ത്വരിതഗതിയിലാക്കാൻ മലപ്പുറത്ത് സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ റവന്യൂ വകുപ്പിന്റെ പ്രത്യേക യോഗം വിളിച്ച് ചേർത്ത് പരിഹാരം കാണാനും ഈ അനുമതികൾ ലഭിച്ച ഉടൻ തന്നെ പ്രവർത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സ്പീക്കർ പി.ശ്രീരാമകൃഷ്ണനു പുറമെ യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. എം.എൽ.എമാരായ ടി.എ അഹമ്മദ് കബീർ, മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം, ജില്ലാ പഞ്ചായത്തംഗം ടി.കെ.റഷീദലി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമലാ വർദ്ധന റാവു, ചീഫ് എഞ്ചിനീയർമാരായ ജീവരാജ്, അശോക് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്.ഹരീഷ്, തുടങ്ങി മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.