kanakadurga

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗ കോടതി വിധിയെ തുടർന്ന് ഭർത്തൃവീട്ടിൽ പ്രവേശിച്ചു. രാത്രി എട്ടോടെ പൊലീസ് സംരക്ഷണത്തിൽ വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങൾ ആരുമുണ്ടായിരുന്നില്ല. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്താണ് ഭർത്തൃവീട്. വിവാദത്തെ തുടർന്ന് ഭർത്താവ് കുഷ്ണനുണ്ണി വീട് പൂട്ടി ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കനകദുർഗ്ഗയെ ഭർത്തൃവീട്ടിൽ പ്രവേശിക്കണമെന്ന് പൂലാമന്തോൾ ഗ്രാമന്യായാലയം മജിസ്ട്രേട്ട് നിമ്മി വിധിച്ചത്. തുടർന്ന് ഭർത്താവ് കൃഷ്ണനുണ്ണി വീടിന്റെ താക്കേൽ പെരിന്തൽമണ്ണ പൊലീസിനെ ഏൽപ്പിച്ചിരുന്നു.

ഭർത്തൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കനകദുർഗ്ഗ നൽകിയ പരാതിയിലാണ് വിധി. വീട് വിൽക്കുകയോ, വാടകയ്‌ക്ക് നൽകുകയോ ചെയ്യരുതെന്ന് കൃഷ്ണനുണ്ണിയോട് കോടതി നിർദ്ദേശിച്ചു. കൃഷ്ണനുണ്ണിയുടെ പേരിലാണ് വീട്. കുട്ടികളുടെ സംരക്ഷണ കാര്യം അടുത്ത മാസം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

20 പൊലീസുകാരുടെ കാവലിൽ പെരിന്തൽമണ്ണയിലെ സാമൂഹ്യനീതി വകുപ്പിന്റെ അഭയകേന്ദ്രമായ വൺ സ്‌റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ രണ്ടാഴ്ചയോളം കഴിഞ്ഞത്. കനകദുർഗ്ഗയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന അജ്ഞാത കത്ത് കഴിഞ്ഞ ദിവസം ഇവിടെ ലഭിച്ചിരുന്നു. പൊലീസ് സംരക്ഷണം തുടരും.

ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ തന്നെ ഭർത്തൃമാതാവ് മർദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയിലായ കനകദുർഗ്ഗയെ വീട്ടിൽ കയറ്റേണ്ടെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയും കുടുംബവും തീരുമാനമെടുത്തു. അരീക്കോട്ടെ തറവാട്ടു വീട്ടിലും കയറ്റില്ലെന്ന് സഹോദരൻ ഭരത്‌ഭൂഷണും നിലപാടെടുത്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓവർസീയറായ ഭർത്താവ് കൃഷ്ണനുണ്ണിയെ പെരിന്തൽമണ്ണ പൊലീസ് മദ്ധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചെങ്കിലും കനകദുർഗ്ഗയെ വീട്ടിൽ കയറ്റില്ലെന്ന നിലപാടിലായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയെ സമീപിച്ച കനകദുർ‌ഗ്ഗയുടെ കേസ് പുലാമന്തോളിലെ ഗ്രാമന്യായാലയത്തിലേക്ക് മാറ്റുകയായിരുന്നു.