പരപ്പനങ്ങാടി: കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്ത അധികൃതരുടെ നടപടി മൂലം പരപ്പനങ്ങാടി- നാടുകാണി റോഡ് വികസനം ഇഴഞ്ഞ് നീങ്ങുന്നു. റോഡ് പന്ത്രണ്ടു മീറ്റർ വീതിയിൽ നിർമ്മിക്കാനായി മൂന്ന് തവണ സർവെ നടത്തിയിട്ടും ആവശ്യമായ സ്ഥലം ഏറ്റെടുക്കാനോ, കൈയേറ്റങ്ങളുണ്ടെന്ന് ആരോപിക്കുന്ന സ്ഥലം ഒഴിപ്പിക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും നടത്തിയിട്ടില്ല. ഇതോടെ പരപ്പനങ്ങാടി നഗരഭാഗത്ത് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്നില്ല. മാസങ്ങളായി പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും പൊടി തിന്നു കഴിച്ചുകൂട്ടുകയാണ്. ഏറെ മാസങ്ങളായി തുടരുന്ന തർക്കങ്ങൾ പരിഹരിക്കാൻ എം.എൽ.എ ഇടപെട്ടു സർവകക്ഷി യോഗം വിളിക്കുകയും എത്രയും പെട്ടെന്ന് കൈയേറ്റ സ്ഥലങ്ങൾ ഒഴിപ്പിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമെടുത്തിരുന്നു .എന്നാൽ സർവേ നടപടികൾ ആരംഭിക്കുകയും കൈയേറ്റങ്ങൾ നടന്ന ഇടങ്ങളിലെ കെട്ടിടങ്ങളിൽ നോട്ടീസ് പതിക്കുകയും ചെയ്തതൊഴിച്ചാൽ വേറെ യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാഷ്ട്രീയകക്ഷികൾക്ക് പുറമെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിർമ്മാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ നിർമ്മാണം തടസ്സപ്പെടുത്തുകയാണിപ്പോൾ ചെയ്യുന്നത്.അഞ്ചപ്പുര ഭാഗങ്ങളിലെ കുറച്ചു ഭാഗവും പയനിങ്ങൽ ജംഗ്ഷനിൽനിന്നും വടക്കുഭാഗത്തെ ചില സ്ഥലങ്ങളിലുമാണ് ഡ്രയ്‌നേജ് നിർമ്മാണം പോലും നടത്താൻ കഴിയാതെ നിർമ്മാണം മുടങ്ങി കിടക്കുന്നത്. ഈ പ്രദേശത്തെ രണ്ടു മുസ്‌ലിം പള്ളികളുടെ ഒരുഭാഗം പൊളിച്ചു മാറ്റിയിട്ടും മറ്റു സ്ഥലങ്ങൾ ഒഴിപ്പിക്കാനോ ഏറ്റെടുക്കാനോ അധികൃതർക്ക് കഴിഞ്ഞില്ലെന്നതാണ് നാട്ടുകാർക്കുള്ള അമർഷം .
ഇനിയും എത്രകാലം പൊടിയും തിന്നു കഴിയേണ്ടി വരുമെന്നതാണ് വ്യാപാരികളുടെ ആശങ്ക. റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങളും യാത്രക്കാരും പരപ്പനങ്ങാടിയിൽ എത്താതെ മറ്റു സ്ഥലങ്ങളെ ആശ്രയിക്കുന്നത് കച്ചവടക്കാർക്ക് കടുത്ത സാമ്പത്തിക നഷ്ടത്തിനും വഴിയൊരുക്കുന്നുണ്ട്. വേണ്ടത്ര സ്ഥലം വിട്ടു കൊടുക്കാൻ വ്യാപാരികളും കെട്ടിട ഉടമകളും തയ്യാറായിട്ടും അനാവശ്യ കാരണങ്ങൾ പറഞ്ഞു വികസന പ്രവൃത്തികൾ ക്കു തടസ്സം നിൽക്കുന്നവർക്ക് ഒത്താശ ചെയ്യുകയാണ് അധികാരികളെന്ന് ഒരുകൂട്ടം
വ്യാപാരികൾ പറയുന്നു.