manjeri-muncipality-
കൗൺസിലർമാർ നഗരസഭ കാര്യാലയം ഉപരോധിക്കുന്നു.


മഞ്ചേരി: ഭവനരഹിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരിയിൽ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ നഗരസഭ കാര്യാലയം ഉപരോധിച്ചു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ മഞ്ചേരി നഗരസഭ നടപ്പാക്കുന്ന പി.എം.എ.വൈ ഭവന പദ്ധതിയിൽ അഞ്ചാംഘട്ടത്തിലെ വിശദമായ പദ്ധതിരേഖ ജില്ലാ മിഷൻ നിരസിച്ചിരുന്നു. ഭരണ സമിതിയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയും അനാസ്ഥയുമാണ് ഇതിനു കാരണമായതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്. പദ്ധതി നിരസിച്ചതോടെ ഗുണഭോക്താക്കൾക്കുള്ള സഹായ വിഹിതങ്ങൾ ലഭിക്കില്ലെന്നാണ് പ്രതിപക്ഷവാദം. പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ 634 ഗുണഭോക്താക്കളാണുള്ളത്. പ്ലാൻ ഫണ്ടിലോ തനതു ഫണ്ടിലോ തുക നീക്കിവെക്കാൻപോലും തയ്യാറാവാതെയാണ് നഗരസഭ ഭവനരഹിതരിൽ നിന്നു അപേക്ഷ ക്ഷണിച്ചതെന്നും സാധാരണക്കാരെ വഞ്ചിക്കുന്ന സമീപനമാണ് ഭരണസമിതിയിൽ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു ആരോപിച്ചു. എന്നാൽ പ്രതിപക്ഷ സമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാധ്യക്ഷ വി.എം സുബൈദ പറഞ്ഞു. പി.എം.എ.വൈ പദ്ധതിയിൽ മുഴുവൻ ഗുണഭോക്താക്കൾക്കും വീടുവെക്കാനുള്ള സഹായം നൽകും. പദ്ധതി രേഖ ജില്ലാ മിഷൻ തള്ളാനുള്ള സാഹചര്യത്തിനിടയാക്കിയ സാഹചര്യം സംസ്ഥാന വ്യാപകമായുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥ തലത്തിലും ഭരണ തലത്തിലും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി. പിഎംഎവൈ ഭവന പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ ഗുണഭോക്താക്കൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചത് നേരത്തെ വിവാദമായിരുന്നു. ആദ്യ നാലുഘട്ടങ്ങളിൽ നാലു ലക്ഷം രൂപ അനുവദിച്ചത് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ മൂന്നു ലക്ഷം രൂപയാക്കി കുറക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെയാണ് നഗരസഭ തുക കുറക്കാൻ തീരുമാനിച്ചത്. പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് പിഎംഎവൈ പദ്ധതി തുക കുറച്ചതെന്നാണ് ഭരണ സമിതിയുടെ വിശദ്ദീകരണം. പദ്ധതിയുടെ യഥാർഥ തുകയായ മൂന്നു ലക്ഷം രൂപയിലധികം അനുവദിക്കുകയാണെങ്കിൽ അധിക തുക നഗരസഭകൾ കണ്ടെത്തണമെന്നാണ് സർക്കാറിന്റെ നിർദ്ദേശം.