anagadippuram-railway-ove
അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ ടാറിംഗ് അടർത്തിയെടുക്കുന്നു

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലവും അനുബന്ധ റോഡുകളും പുനരുദ്ധാരണ പ്രവർത്തികൾ നടത്തുന്നതിനായി അങ്ങാടിപ്പുറം തളി ജംഗ്ഷൻ മുതൽ ജൂബിലി ജംഗ്ഷൻ വരെയുള്ള വാഹന ഗതാഗതം ചൊവ്വാഴ്ച രാത്രി 10.30 മുതൽ പൂർണ്ണമായി നിരോധിച്ചതോടെ ദുരിതത്തിലായി ജനങ്ങൾ. ഇന്നലെ രാവിലെ മുതൽ മേൽപ്പാലത്തിന്റെ അടിവശം ബസ് സ്റ്റാൻഡായി മാറി ബസ്സുകൾക്ക് ബദൽ റൂട്ട് നിർദ്ദേശിച്ചിരുന്നുവെങ്കിലും മൂന്ന് കിലോമീറ്റർ ദൂരം ഓടേണ്ടിടത്ത് 15 ഉം 20 ഉം കിലോമീറ്റർ അധികം ഓടി പെരിന്തൽമണ്ണയിൽ എത്തി അവിടെ നിന്നും തിരികെ സർവ്വീസ് നടത്താൻ മെനക്കെടാതെ ബസ്സുകൾ മേൽപാലത്തിന്റെ അടിയിൽ സർവ്വീസ് അവസാനിപ്പിച്ചതോടെ വിദ്യാർത്ഥികളും, സ്ത്രീകളും, കുട്ടികളും അക്ഷരാർത്ഥത്തിൽ ദുരിതത്തിലായി. പലർക്കും ക്രത്യമായി ഓഫീസുകളിലും, വിദ്യാലയങ്ങളിലും എത്താൻ കഴിഞ്ഞില്ല. മങ്കട, ഒരാടൻപാലം, വലമ്പൂർ, മുള്ള്യാകുർശ്ശി, പട്ടിക്കാട് റെയിൽവേ ഗേറ്റ് എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മേൽപ്പാലം പൂർണ്ണമായി അടച്ചതോടെ അത്യാസന്ന നിലയിലായ രോഗികളുമായി എത്തിയ ആംബുലൻസുകളും വിവിധയിടങ്ങളിൽ ദീർഘനേരം തടസ്സപ്പെടുന്ന സ്ഥിതിയും സംജാതമായി. മേൽപ്പാലത്തിലെ കുരുക്ക് മുറുകുമ്പോൾ പ്രദേശവാസികൾ ഉപയോഗിക്കുന്ന കുറുക്കുവഴിയായ ഏറാന്തോട് ഏഴ്‌കണ്ണി പാലത്തിനടിയിലൂടെയുള്ള ചെറു പാതയിലും മണിക്കൂറുകൾ ഗതാഗത സ്തംഭനമുണ്ടായതോടെ പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി. ഇനിയും എത്ര ദിവസം തങ്ങളുടെ ഈ ദുരിതം സഹിക്കേണ്ടി വരും എന്ന ആശങ്കയിലാണ് ജനങ്ങൾ.

മണ്ണാർക്കാടു ഭാഗത്തുനിന്നും കോഴിക്കോടു ഭാഗത്തേക്കുള്ള ഹെവി - ചരക്കു വാഹനങ്ങൾ മണ്ണാർക്കാട് കുമരംപുത്തൂരിൽ നിന്നും മേലാറ്റൂർ - പാണ്ടിക്കാട് - മഞ്ചേരി - വള്ളുവമ്പ്രം വഴിയും, കോഴിക്കോടു നിന്നും തിരിച്ചും ഇതേ റൂട്ടിൽ പോകുകയും. കോഴിക്കോട് - പാലക്കാട് ബസ്സുകളും, മലപ്പുറം -മഞ്ചേരി ബസ്സുകളും അങ്ങാടിപ്പുറം ഒരാടംപാലം വഴി വലമ്പൂർ - പട്ടിക്കാട് വഴിയും, വളാഞ്ചേരി, കോട്ടക്കൽ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ കുളത്തൂർ - ഓണപുട - പുലാമന്തോൾ വഴി പെരിന്തൽമണ്ണയിലേക്കും, തിരിച്ചും യാത്ര ചെയ്യണമെന്നായിരുന്നു ഉത്തരവ് എങ്കിലും ദീർഘദൂര സർവ്വീസുകൾ മാത്രമാണ് ഇത് പാലിച്ചത്.