fire-clipart
തീ പിടിത്തം

പെരിന്തൽമണ്ണ: മണ്ണാർമലയിൽ ഒരു മാസത്തിനിടയിൽ നിർദ്ദിഷ്ട ക്വാറി പ്രദേശത്തും സമീപ തോട്ട മേഖലയിലും തുടർച്ചയായുണ്ടായ തീപ്പിടിത്തം നാട്ടുകാരെ ആശങ്കയിലാക്കുന്നു. ആദ്യത്തെ രണ്ട് പ്രാവശ്യവും തീ പിടിത്തമുണ്ടായപ്പോൾ സ്വാഭാവിക തീ പിടിത്തമായാണ് നാട്ടുകാർ വിലയിരുത്തിയത്. എന്നാൽ നിർദ്ദിഷ്ട ക്വാറി പ്രദേശത്തിന് ചുറ്റും അടിക്കാട് വെട്ടി വൃത്തിയാക്കി മറ്റു ഭാഗങ്ങളിലേക്ക് പടരാതെ സൂക്ഷ്മത കാണിച്ചതും അതേ ദിവസം തന്നെ തീ പിടിത്തമുണ്ടായതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ക്വാറി പ്രദേശത്തെ കൃഷിയും മറ്റും നിലനിൽക്കുന്നത് ക്വാറി മാഫിയക്ക് പ്രതികൂലമാണ്. അവർ തന്നെ സ്വന്തം പ്രദേശത്ത് തീപിടിപ്പിക്കുന്നതാണോ എന്ന സംശയമുയർന്നിട്ടുണ്ട്. ജനവാസ മേഖലയിലേക്കും തോട്ടവിളകളിലേക്കും തീ പടർന്ന് അപകടങ്ങളുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ജില്ലാ ഫോറസ്റ്റ് ഓഫീസർ, ഫയർ സേഫ്റ്റി ഓഫീസർ എന്നിവർക്ക് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. ക്വാറി വരാനുള്ള തകൃതിയായ നീക്കത്തിനെതിരെ തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ വിപുലമായ ജനകീയ കൺവെൻഷൻ മണ്ണാർമലയിൽ സംഘടിപ്പിക്കുമെന്നും ജനകീയ സമിതി അറിയിച്ചു.