പൊന്നാനി: 20 വർഷം മുമ്പ് ഒരു നാടാകെ അണിനിരന്ന ശ്രമദാനം. കൈക്കോട്ടും പിക്കാസുമിറങ്ങിയ അവർ കാടുവെട്ടി പാതയൊരുക്കി.അതിനവർ കർമ്മ റോഡെന്ന് പേരിട്ടു. ഇന്നത് സുന്ദരമായ പുഴയോരപാതയായി മാറി. ടാറിട്ട റോഡും, ടൈൽ പതിച്ച നടപ്പാതയും, വഴിയോര വിളക്കും, പൂന്തോട്ടവും, വിശ്രമ ഇരിപ്പിടങ്ങളുമായി പ്രകൃതി രമണീയ ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങുകയാണ് നാടാകെ ഒന്നിച്ച് സാധ്യമാക്കിയ കർമ്മപാത. പൊന്നാനിയിലെ സാമൂഹ്യ സന്നദ്ധ സംഘടനയായ കർമ്മയുടെ നേതൃത്വത്തിൽ 42 സാംസ്ക്കാരിക സംഘടനകളും, ബഹുജനങ്ങളും, വിദ്യാർത്ഥികളും അണിനിരന്ന് ദിവസങ്ങളെടുത്ത് പൂർത്തിയാക്കിയ കർമ്മ റോഡ് ടാറിംഗ് പൂർത്തിയാക്കി ആദ്യഘട്ട നിർമ്മാണത്തിനൊരുങ്ങിയിരിക്കു
രാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനത്തിനായി നാടൊന്നാകെ ഒത്തുചേർന്ന കഥയാണ് പൊന്നാനി കർമ്മ റോഡിന് പറയാനുള്ളത്. ഇരുപത് വർഷം മുമ്പ് 1998 നവംബർ 30-നാണ് ആയിരങ്ങൾ സന്നദ്ധരായി രംഗത്തിറങ്ങിയത്.വാഹന പെരുപ്പമുണ്ടാകുന്നതിന് മുമ്പ് തന്നെ പൊന്നാനിയിൽ ബൃഹത്തായ ഒരു സമാന്തര റോഡ് എന്ന ആശയത്തിന് തുടക്കം കുറിച്ചത് പൊന്നാനിയിലെ സാമൂഹ്യ സംഘടനയായ കർമ്മയായിരുന്നു. ഇതിനായി രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചു ചേർക്കുകയും 1998 നവംബർ 30-ന് കുറ്റിക്കാട് മുതൽ ജിം റോഡ് വരെയുള്ള പുഴയോരത്തെ ഒന്നര കിലോമീറ്റർ ഭാഗത്ത് ചരൽ റോഡ് നിർമ്മിക്കുകയും ചെയ്തു. രണ്ടാം ഘട്ടമായി ഡിസംബർ 14 ന് ജിം റോഡ് മുതൽ കനോലി കനാൽ വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗം ഗതാഗത യോഗ്യമാക്കുകയും ചെയ്തു.പൊതുജനങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിൽ ഭാരതപ്പുഴയോരത്തെ കിലോമീറ്ററുകളോളം ഭാഗം ഗതാഗത യോഗ്യമായെങ്കിലും റോഡിന്റെ വിപുലമായ നിർമ്മാണമാരംഭിച്ചത് 2011ലായിരുന്നു.മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പൊന്നാനിയെ പ്രതിനിധീകരിച്ച കാലഘട്ടത്തിലായിരുന്നു റോഡ് നിർമ്മാണം തുടക്കം കുറിച്ചത്. നിർമ്മാണം വർഷങ്ങളോളം ഇഴഞ്ഞു നീങ്ങി. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഇടപെടൽ മൂലം കർമ്മ റോഡിന്റെ രണ്ടു റീച്ചുകളും പൂർത്തീകരിച്ചു. ചമ്രവട്ടം കടവു മുതൽ കൈലാസം കളം വരെയുള്ള നാലര കിലോ മീറ്റർ ഭാഗത്തെ ടാറിംഗ് മാസങ്ങൾ മുമ്പ് തന്നെ പൂർത്തീകരിച്ചിരുന്നു. ഫെബ്രുവരി 19ന് നടക്കുന്ന ചടങ്ങിൽ റോഡിന്റെ സൗന്ദര്യവത്ക്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നടക്കും.
ഗതാഗത സൗകര്യത്തിനൊപ്പം പുഴയോര സൗന്ദര്യവും ആസ്വദിക്കാവുന്ന റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കർമ്മ പൊന്നാനി. ഇരുപത് വർഷം മുമ്പ് ആദ്യഘട്ട പ്രവർത്തികൾക്കിറങ്ങിയ 42 സംഘടനകളെയും അണിനിരത്തിയുള്ള ഘോഷയാത്ര ഉദ്ഘാടന ചടങ്ങിന് മിഴിവേകും. കർമ്മ റോഡ് ആരംഭിക്കുന്ന ജിം റോഡിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിക്കരികിൽ സമാപിക്കും.