മലപ്പുറം: ബി.എൻ. മല്ലിക് ആൾ ഇന്ത്യാ പോലീസ് ഫുട്‌ബോളിൽ ഇന്ന് ബദ്ധവൈരികളുടെ പോരാട്ടത്തിനാണ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം സാക്ഷികളാവുക. അതിർത്തി കാക്കുന്നവരായ ബിഎസ്എഫും പാരമിലിറ്ററി വിഭാഗമായ സി.ആർ.പി.എഫും തമ്മിലാണ് കൈകരുത്തും കാൽക്കരുത്തും പ്രകടിപ്പിക്കുന്ന മത്സരം. ഇരു ടീമുകളും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് കുടിപ്പക. പഞ്ചാബ് ടീമുകളായ ഇരുവരുടേയും ആസ്ഥാനം ഡൽഹിയാണ്. ഒരു കാലത്ത് ബി.എസ്.എഫിന്റേയും സി.ആർ.പി.എഫിന്റേയും ചീഫുമാർ സഹോദരങ്ങളായിരുന്നു അന്നു തുടങ്ങിയതാണത്രെ ശത്രുത. അത് ഇന്നും ഫുട്‌ബോൾ മൈതാനങ്ങളിൽ തുടർന്നു വരുന്നതാണ്. അതു കൊണ്ടു തന്നെ ഗ്രൗണ്ടിൽ ഇന്ന് ആംബുലൻസുകൾ തയ്യറാക്കി നിർത്തേണ്ടി വരുമെന്നാണ് ഇവരുമായി ബന്ധമുള്ളവർ പറയുന്നത്. ഗോളടിക്കുകയും പരിക്കഭിനയിച്ച് സമയം കളയുന്നതുമാണ് ഇരു ടീമുകളുടേയും തന്ത്രം. ഇത് നോക്കൗട്ട് മത്സരങ്ങളിൽ ഇരു ടീമുകളും പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫ് 25 തവണ ജേതാക്കളായിട്ടുണ്ട്. ആൾ ഇന്ത്യാ പോലീസ് ഗെയിംസിൽ മൂന്ന് തവണ ജേതാക്കളായിട്ടുണ്ട്. മുൻ ദേശീയ താരം സൂരജ് ബാൻ ഹന്ദയാണ് മാനേജർ സതീന്ദർ വിർഖ് കോച്ചും. രാമനന്ദ ഹേംബ്രാം,വിശാൽ, ജിതേന്ദർ റാവത്ത്, ലക്വീന്ദർ സിങ്, രജത്കുമാർ, ക്യാപ്റ്റൻ ബോയ് സിങ്, തൽവീന്ദർ സിങ്, ഗോളടിയന്ത്രം അവിനാഷ്ഥാപ്പ എന്നിവർ ടീമിലെ സന്തോഷ് ട്രോഫി താരങ്ങളാണ്. അതേസമയം 2006ലും 2009ലും റണ്ണേഴ്സായിട്ടുള്ള സി.ആർ.പി.എഫ് ബി.എസ്.എഫിനെതിരെ വെടിയുതിർക്കാൻ കെൽപുള്ളവരാണ്. മലയാളി താരവും ഗോൾകീപ്പറുമായ മോസസ് ആന്റണി, എസ്.ഡി ശ്യാം, എ.അമൂമച്ച,അമർജീത് സിംങ്, രാജേന്ദർ സിങ് എന്നിവർ പഞ്ചാബിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ച താരങ്ങളാണ്. ഇവരെക്കൂടാതെ ഇന്ദ്രർജിതും ഗുരുലാൽ സിങ്ങും അതിർത്തി പൊട്ടിക്കാൻ പ്രാപ്തരാണ്. 2011 ദേശീയ ഗെയിംസിലെ രണ്ടാം സ്ഥാനക്കാരാണ്. ഡി.എസ് ഭാട്ടിയാണ് ടീം കോച്ച്. എസ് എച്ച് പ്രേം ഥാപ്പ മാനേജറുമാണ്. കടലാസിൽ നേരിയ മൂൻതൂക്കം അതിർത്തിക്കാർക്കാണെങ്കിലും പാരാമിലിറ്ററിയും മോശമാവില്ലെന്നാണ് നിഗമനം. തീപ്പൊരി ചിതറാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു. രാത്രി 7.30ന് ആണ് മത്സരം. ലൂസേഴ്സ് ഫൈനലിൽ കേരളം ഇന്ന് രാവിലെ 7.30ന് സി.ഐ.എസ്.എഫിനെ നേരിടും.