മലപ്പുറം: സംസ്ഥാന സർക്കാറിന്റെ ആയിരംദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിനൊരുങ്ങി ബാക്കിക്കയം റെഗുലേറ്റർ പദ്ധതി. ജില്ലയിലെ ഒമ്പത് പഞ്ചായത്തുകൾക്കും രണ്ട് നഗരസഭകൾക്കും കൂടുതൽ പ്രയോജനം ചെയ്യുന്ന 20കോടി രൂപയുടെ ജലനിധി പദ്ധതി പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി. മലപ്പുറം ചെറുകിട ജലസേചന ഡിവിഷന്റെ മേൽനോട്ടത്തിൽ വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയ്ക്കടുത്ത് കടലുണ്ടുപുഴയ്ക്ക് കുറുകെയാണ് ബാക്കിക്കയം റെഗുലേറ്റർ നിർമിച്ചിരിക്കുന്നത്. വേങ്ങര, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങൽ, എടരിക്കോട്, പറപ്പൂർ, പെരുമണ്ണക്ലാരി, തെന്നല, എ.ആർ നഗർ പഞ്ചായത്തുകളിലെയും തിരൂരങ്ങാടി, കോട്ടക്കൽ നഗരസഭകളിലെയും ജലസേചനത്തിനും കുടിവെള്ളസ്രോതസുകളിലേക്കും ജലം ലഭ്യമാക്കുന്നതാണ് ബാക്കിക്കയം റെഗുലേറ്റർ പദ്ധതി. പദ്ധതിയുടെ പ്രധാനഭാഗമായ റെഗുലേറ്ററിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. സംരക്ഷണഭിത്തിയുടെ നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇതിന് പുറമെ ചാലിയാർ പുഴയ്ക്ക് കുറുകെ മമ്പാട് പഞ്ചായത്തിലെ ഓടായിക്കലിൽ നബാർഡ് സഹായത്തോടെ സജ്ജമാക്കിയ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി സർവെ പുരോഗമിക്കുകയാണ്. ഗതാഗതയോഗ്യമായ പാലവും റെഗുലേറ്ററുംചേർന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി 2016 ജൂൺ 30നാണ് പൂർത്തീകരിച്ചത്. മമ്പാട്, വണ്ടൂർ, തിരുവാലി പഞ്ചായത്തുകളിലായി ജലസേചനത്തിന് സൗകര്യമൊരുക്കിയ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ ചെലവ് 4.22 കോടിയായിരുന്നു. നിലവിൽ റെഗുലേറ്ററിൽ വെള്ളം സംഭരിച്ച് നിർത്തിയിരിക്കുകയാണ്. ചുങ്കത്തറ പഞ്ചായത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെ നബാർഡ് സഹായത്തോടെ ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ച പൂക്കോട്ടുമണ്ണ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ രണ്ടാം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എസ്റ്റിമേറ്റുകൾ അംഗീകാരത്തിനായി സമർപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ചുങ്കത്തറ, എടക്കര,പോത്തുകല്ല് പഞ്ചായത്തുകളിലായി 2,100 ഹെക്ടറിൽ ജലസേചന സൗകര്യമൊരുക്കിയ പദ്ധതിയുടെ ആദ്യഘട്ട നിർമിതിക്കായി 25.57 കോടി രൂപയാണ് ചെലവ് വന്നത്. കൃഷിയിടങ്ങളിലേക്കും കുടിവെള്ള വിതരണ പദ്ധതികളിലേക്കും ജലമെത്തിക്കുന്ന ബാക്കിക്കയം റെഗുലേറ്റർ പ്രവൃത്തി 2016 മാർച്ചിൽ തുടങ്ങി 2019 ആദ്യത്തോടെ പൂർത്തീകരിക്കുകയായിരുന്നുവെന്ന് ചെറുകിട ജലസേചന വകുപ്പ് മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചീനിയർ. പി അജിത്കുമാർ പറഞ്ഞു.