മലപ്പുറം: സ്ഥാനാർത്ഥി നാട്ടിൽ നിന്നായാലും മറുനാട്ടിൽ നിന്നായാലും പൊന്നാനിയിലെ മുസ്ളിം വോട്ടർമാർ ചിഹ്നമേ നോക്കൂ. മുംബയിൽ പിറന്ന ജി.എം. ബനാത്ത്‌വാല പെന്നാനിയിൽ നിന്ന് കോണി കയറി പാർലമെന്റിലേക്കു പോയത് ആറു തവണയാണ്. ബംഗളൂരുവിൽ നിന്നെത്തിയ ഇബ്രാഹിം സുലൈമാൻ സേട്ട് മത്സരിച്ചപ്പോഴും വോട്ട് ഒരു ലക്ഷത്തിലധികം.
2004-ൽ ഇ. അഹമ്മദ് വിജയിക്കും വരെ കോണിയിൽ കോടികളുടെ ഭൂരിപക്ഷമേ കയറിയിറങ്ങിയിട്ടുള്ളൂ.
അതു കഴിഞ്ഞും പൊന്നാനിയിൽ കോണിക്ക് ഇളക്കം സംഭവിച്ചിട്ടില്ലെങ്കിലും ഇറക്കം തുടങ്ങി. ഇ.ടി. മുഹമ്മദ് ബഷീറിന് 2009-ൽ 82,684 വോട്ട് ഭൂരിപക്ഷം കിട്ടിയെങ്കിൽ, കഴിഞ്ഞ തവണ അതിൽ നിന്ന് നേരെ കാൽ ലക്ഷം കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. അന്നത്തെ നെഞ്ചിടിപ്പിനു മീതെ തീ കോരിയിടുന്നതായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന്റെ ദയനീയ പ്രകടനം. മുൻതൂക്കം വെറും 1,071 വോട്ട്.
മൂന്നാംവട്ടവും ഇ.ടിയെ പരീക്ഷിച്ച് പുലിവാൽ പിടിക്കണോ എന്ന് ലീഗ് ചിന്തിച്ചിരിക്കുമ്പോഴാണ് മുത്തലാഖ് വിഷയത്തിൽ പാർലമെന്റിൽ ഇ.ടി കത്തിക്കയറിയത്. അതോടെ, ലീഗ് വിരുദ്ധ മുസ്ളിം സംഘടനകൾക്കും സമസ്‌തയ്ക്കും കൂടി ഇ.ടി ഇഷ്‌ടക്കാരനായി. അതിനിടെ, ഇ.ടിയെ മലപ്പുറത്തും പി.കെ. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലും മാറ്റി മത്സരിപ്പിച്ചാൽ രണ്ടു സീറ്റിലും പേടി വേണ്ടെന്നു കരുതുന്ന പ്രാദേശിക നേതാക്കളുമുണ്ട്.
1962 മുതൽ 71 വരെ പൊന്നാനിയെ ചെമ്പട്ടണിയിച്ചതൊക്കെ സി.പി.എമ്മിന്റെ മനസ്സിലെ മധുരസുന്ദര ഭൂതകാലം. 1977-ലെ മണ്ഡല പുനർനിർണയത്തിനു ശേഷം ഇന്നേവരെ ഇടതുപക്ഷത്തെ പൊന്നാനിയിൽ 'പച്ച' തൊടീക്കാൻ ലീഗ് സമ്മതിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ പ്രതീക്ഷ നൽകുന്നത് ലീഗ് ഭൂരിപക്ഷത്തിലെ ഇറക്കമാണ്. സി.പി.ഐയിൽ നിന്ന് 2009-ൽ സീറ്റ് തിരിച്ചെടുത്ത സി.പി.എം ഡോ. ഹുസൈൻ രണ്ടത്താണിയെ ഇറക്കി നടത്തിയ സ്വതന്ത്ര പരീക്ഷണത്തോടെയാണ് ലീഗ് കോട്ടയിൽ വിള്ളലുകൾ വീണുതുടങ്ങിയത്. മുൻ കോൺഗ്രസ് നേതാവ് വി.അബ്‌ദുറഹ്‌മാനെ അങ്കത്തട്ടിലിറക്കിയതോടെ ലീഗ് ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് കൂപ്പുകുത്തി. അതുകൊണ്ട് ഇത്തവണയും സ്വതന്ത്ര സ്ഥാനാർത്ഥി പരീക്ഷണമായിരിക്കും സി.പി.എം പയറ്റുക.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബിന്റെ ഭൂരിപക്ഷം 30,208-ൽ നിന്ന് വെറും 6,043-ലേക്കു ചുരുക്കിയ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനാണ് മുൻതൂക്കം. എന്നാൽ, പരാജയപ്പെട്ടാൽ രാജ്യസഭാ സീറ്റ് നൽകണമെന്നും തിരഞ്ഞെടുപ്പ് ചെലവിൽ ഒരു വിഹിതം പാർട്ടി വഹിക്കണമെന്നും നിയാസ് നിബന്ധന വച്ചതായാണ് വിവരം. കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം ട്രഷറർ കൂടിയായിരുന്നതിനാൽ കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാനാവുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നു. മുസ്ളിം ജനസംഖ്യ കഴിഞ്ഞാൽ പിന്നാക്ക ഹിന്ദു വോട്ടുകളുള്ള മണ്ഡലത്തിൽ ബി.ജെ.പി കഴിഞ്ഞ തവണ മുക്കാൽ ലക്ഷം വോട്ട് നേടിയിരുന്നു.
നിയമസഭാ മണ്ഡലങ്ങൾ:
തൃത്താല, പൊന്നാനി, തവനൂർ, കോട്ടയ്ക്കൽ , തിരൂർ, താനൂർ, തിരൂരങ്ങാടി
2014- ലെ വോട്ട് നില
ഇ.ടി മുഹമ്മദ് ബഷീർ (മുസ്ളിം ലീഗ്)- 3,78,503
വി.അബ്ദുറഹ്മാൻ (ഇടതു സ്വത.)- 3,53,093
കെ. നാരായണൻ (ബി.ജെ.പി) 75,211
ഇ.ടിയുടെ ഭൂരിപക്ഷം 25,410