പൊന്നാനി: മഖ്ദൂം-സാമൂതിരി ബന്ധത്തിന്റെ ദൃഢതയും ഈജിപ്തുമായുള്ള വ്യാപാര സൈനിക അടുപ്പത്തിന്റെ ശേഷിപ്പുമായ പൊന്നാനിയിലെ മിസ്രി പള്ളി തുർക്കി മാദ്ധ്യമങ്ങളിൽ വാർത്തയായി നിറയുന്നു. മിസ്രി പളളിയുടെ ചരിത്രവും പൈതൃകവുമാണ് തുർക്കി മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. തുർക്കി സർക്കാരിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ അനാഡോലുവാണ് മിസ്രി പള്ളിയുടെ വിശേഷങ്ങൾ പുറത്തുവിട്ടത്. തുടർന്ന് തുർക്കി പത്രങ്ങളായ യേനി സഫക്, ഹാബർ ടർക്ക്, പോസ്റ്റ, അക്ഷാം പത്രങ്ങളിലും മിസ്രി പള്ളി വാർത്തയായി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഡോ-അറബ് ബന്ധത്തിന്റെ ചരിത്രവും പശ്ചാത്തലവും ഉൾപ്പെടുത്തിയുള്ള വിശദമായ വാർത്തയാണ് തുർക്കി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. പോർച്ചുഗീസുകാർക്കെതിരെ സൈനിക ശക്തി വർദ്ധിപ്പിക്കാനായി സാമൂതിരി പൊന്നാനിയിലെത്തി സൈനുദ്ദീൻ മഖ്ദൂമുമായി ചർച്ച നടത്തുകയും ഇതുപ്രകാരം ഈജിപ്തിലേക്കും തുർക്കിയിലേക്കും മഖ്ദൂം കത്തയക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര പോളിസി അനലിസ്റ്റ് പി.വി. യാസിറിനെ ഉദ്ധരിച്ച് തുർക്കി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമ്മാലിക്കാനകം കുടുംബമാണ് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയത്. ഈജിപ്ഷ്യൻ സൈന്യം നിർമ്മിച്ചതിനാലാണ് ഈജിപ്തിൽ നിന്നുള്ളവർ എന്ന് അർത്ഥം വരുന്ന മിസ്രി എന്ന് പള്ളിക്ക് പേര് ലഭിച്ചതെന്നും വാർത്തയിൽ പറയുന്നു. ഇൻഡോ -അറബ് വാണിജ്യബന്ധത്തിൽ പൊന്നാനിയുടെ സ്ഥാനവും കൊളോണിയൽ കാലത്ത് തീരദേശം ആകർഷിക്കപ്പെട്ടതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വാണിജ്യ, വ്യാപാര, അധിനിവേശ കാര്യങ്ങളിൽ നിളയുടെ സ്വാധീനവും വാർത്തയിൽ ഇടം നേടി.
മിസ്രി പള്ളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നടത്തിയ ഇടപെടലുകൾ തുർക്കി പത്രങ്ങൾ അക്കമിട്ട് നിരത്തുന്നു. വ്യത്യസ്ത സംസ്ക്കാരങ്ങളെ സ്വീകരിക്കാൻ ഇന്ത്യ കാണിച്ച സാംസ്ക്കാരിക വിശാലതയെ പുതിയ തലമുറക്കു മുന്നിൽ വ്യക്തമാക്കാൻ മിസ്രി പള്ളി അടക്കമുള്ള ചരിത്ര പൈതൃകങ്ങൾ രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്ന് ശ്രീരാമകൃഷ്ണനെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ അനാഡോലു റിപ്പോർട്ട് ചെയ്യുന്നു.
നിർമ്മിച്ചത് ഈജിപ്തുകാർ
ചരിത്രവും പൈതൃകവും നിറഞ്ഞു നിൽക്കുന്ന മിസ്രി പളളിയുടെ ചുറ്റുഭാഗം നവീകരണ ആവശ്യാർത്ഥം പൊളിച്ചത് വിവാദമായിരുന്നു.
പോർച്ചുഗീസ് അധിനിവേശ കാലത്ത് വാസ്ക്കോ ഡി ഗാമയുടെ ആക്രമണം ചെറുക്കാൻ സാമൂതിരിയുടെ നിർദ്ദേശ പ്രകാരം സൈനുദ്ദീൻ മഖ്ദൂമിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഈജിപ്തിലെ സൈന്യം തമ്പടിച്ച പ്രദേശത്ത് നിർമ്മിച്ച പള്ളിയാണ് മിസ്രി പള്ളിയെന്നാണ് ചരിത്രം.
പ്രാചീന വാസ്തുശിൽപ്പ മാതൃകയിലുള്ള പള്ളി പൊന്നാനിയുടെ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിനിടെയാണ് പള്ളിയുടെ ചുറ്റുഭാഗം പൊളിച്ചത്. നിയമസഭ സ്പീക്കറുടെ ഇടപെടലിനെ തുടർന്ന്പള്ളി കമ്മിറ്റി നവീകരണം നിറുത്തിവച്ചു.